tp-madhavan-04
  • കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
  • അറുനൂറിലധികം സിനിമകളില്‍ അഭിനയിച്ചു
  • അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയാണ്

സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയനായ നടന്‍ ടി.പി.മാധവന്‍ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ ദിവസം വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. പൊതുദര്‍ശനം നാളെ രാവിലെ 9 മുതല്‍ ഒരു മണിവരെ ഗാന്ധിഭവനില്‍.  സംസ്കാരം നാളെ വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍. അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. 1994 മുതൽ 1997 വരെ അമ്മയുടെ ജനറൽസെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 1975-ൽ രാഗം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. 

 

 

 

സിനിമയിൽ വില്ലനായി വന്ന് , പിന്നീട് തനി മലയാളിത്തമുള്ള വേഷങ്ങളിലൂടെ ചിരിപടർത്തിയ നടനായിരുന്നു ടിപി മാധവൻ. അറുനൂറിലധികം സിനിമകളിലും മുപ്പതിലധികം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മലയാളത്തിനപ്പുറത്തേക്കും സഞ്ചരിച്ചു. താരസംഘടനയായ അമ്മ രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു ടിപി മാധവൻ

സിനിമയിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വാനപ്രസ്ഥം ആഗ്രഹിച്ച് 2015 ൽ ഹരിദ്വാറിലേക്ക് പോയ ടി.പി മാധവന് അവിടെവച്ച് പക്ഷാഘാതമുണ്ടായി. തുടർന്ന് ഹരിദ്വാറിലെ സന്ന്യാസിമാരൊക്കെ ചേർന്ന് ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. തിരികെ തിരുവനന്തപുരത്തെത്തി ഒരു ലോഡ്‌ജ് മുറിയിൽ കഴിയുമ്പോഴാണ് പത്താനാപുരം ഗാന്ധിഭവൻ അഭയമായത്. ഗാന്ധിയന്മാരെ അവതരിപ്പിച്ചിട്ടുള്ള മാധവൻ 2016 ഫെബ്രുവരി 28 ന് ഗാന്ധിഭവനിലെത്തി. കുട്ടിക്കാലം മുതൽ നാടകാഭിനയത്തിൽ തിളങ്ങിയിരുന്ന ടിപി മാധവൻ കൊൽക്കത്തയിൽ വച്ച് നടൻ മധുവുമായി പരിചയപ്പെട്ടതാണ് സിനിമാ അഭിനയത്തിലേക്ക് വഴിതുറന്നത്. 1975-ൽ രാഗം എന്ന സിനിമയിലൂടെ നാൽപ്പതാം വയസിൽ സിനിമയിലെത്തി. നടന്‍ മധു സംവിധാനം ചെയ്‌ത 'പ്രിയ' എന്ന സിനിമയിലും അഭിനയിച്ചു. 1983 ൽ ചന്ദ്രകുമാർ സംവിധാനം ചെയ്‌ത 'ആന' എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, ആറാംതമ്പുരാന്‍, നാട്ടുരാജാവ് തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിൽ തലയെടുപ്പോടെ നിന്നു. അറുന്നൂറോളും സിനിമകളിലും മുപ്പതിലധികം ടി.വി സീരിയലുകളിലുമാണ് വേഷമിട്ടത്.

ഗ്രന്ഥകാരനും വിദേശ സർവകലാശാലകളിലെ ഡീനുമായിരുന്ന ഡോ. എൻ. പരമേശ്വരൻ പിള്ളയുടെയും മീനാക്ഷിക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1935 നവംബർ 7 ന് തിരുവനന്തപുരം വഴുതക്കാടാണ് ജനനം. സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ടി.പി മാധവൻ ബിസിനസ് മാനേജ്‌മെൻറിൽ ഡിപ്ലോമ നേടി. 1960 ൽ കൊൽക്കത്തെ പബ്ലിസിറ്റി സൊ‌സൈറ്റി ഓഫ് ഇന്ത്യയിൽ ബ്യൂറോ ചീഫായി. ബിറ്റ്‌സ്, ഫ്രീ പ്രസ് ജേണൽ എന്നിവയിലും ഇന്ത്യൻ എക്സ്പ്രസിലും കേരള കൗമുദിയിലും ജോലി ചെയ്‌തു. ബെംഗളുരുവിൽ സ്വന്തമായി പരസ്യകമ്പനി തുടങ്ങി. 1994 ൽ താരസംഘടനയായ 'അമ്മ' രൂപീകരിച്ചപ്പോൾ അതിൻ്റെ ആദ്യത്തെ ജനറൽ സെക്രട്ടറിയായി. 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയായി. ഗാന്ധിഭവനിലെത്തിയശേഷം ഓർമകൾ വീണ്ടെടുക്കാൻ ഒരു സ്വയം ചികിൽസയെന്നപോലെ സിനിമാക്കഥകൾ പങ്കുവച്ചായിരുന്നു ജീവിതം.