മനുഷ്യരെ ബഹികാശത്തേക്കയക്കുന്ന രാജ്യത്തിന്റെ അഭിമാന ദൗത്യമായ ഗഗന്‍യാനിന്റെ ആളില്ലാ മിഷന്‍ ഡിസംബറില്‍. ഗഗന്‍യാന്‍ വാഹനത്തിന്റെ ക്രൂ മൊഡ്യൂളും  എസ്കേപ്പ് സിസ്റ്റവുമടക്കമുള്ള നിര്‍ണായക ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായെന്നും വൈകാതെ തന്നെ ആളില്ലാ ദൗത്യത്തിന്റെ സമയപ്രഖ്യാപനം ഉണ്ടാകുമെന്നും തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍  വി.ഉണ്ണികൃഷ്ണന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. 

ഗഗന്‍യാന്‍ പദ്ധതിയുടെ  ആളില്ലാ ദൗത്യം ഡിസംബറില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചതാണ്. പക്ഷേ ഇതിനു മുന്‍പായി നടക്കേണ്ടിയിരുന്ന നൈസര്‍ വിക്ഷേപണമടക്കം വൈകുന്നത് ആശങ്കയുണ്ടാക്കിയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചപോലെ ഡിസംബറില്‍ ആളില്ലാദൗത്യമുണ്ടാകും. 

ദൗത്യത്തിലെ ഒരു യാത്രികനെ അടുത്ത വര്‍ഷം പകുതിയോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കയക്കാന്‍ നാസയുമായി കരാറായിരുന്നു. ഇതനുസരിച്ചു ശുഭാന്‍ശു ശുക്ല അമേരിക്കയിലെത്തി പരിശീലനം തുടരുകയാണ്. സുനിതാ വില്യംസും സഹയാത്രികനും രാജ്യാന്തര ബഹികാരാശ നിലയത്തില്‍ നിന്നു തിരിച്ചെത്താന്‍ വൈകുന്നതു ശുഭാന്‍ശു ശുക്ലയുടെ യാത്ര വൈകിയേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ കാര്യമില്ലെന്നാണു വിശദീകരണം.

സൂര്യന്റെ പുറന്തോടായ കൊറോണയെ കുറിച്ചുള്ള പഠനത്തിനായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി വികസിപ്പിച്ച പ്രോബാ–3യുടെ നിര്‍ണായക വിക്ഷേപണം ഗഗന്‍യാന്‍ ആളില്ലാ ദൗത്യത്തിനു തൊട്ടുമുന്‍പ് നവംബര്‍ അവസാനത്തില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നുണ്ടാകും. 

ENGLISH SUMMARY:

Gaganyaan's mission to send humans to outer space in December