ഒറ്റപ്പാലത്ത് തോക്കും തിരകളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബ്ദുൽ സലാം, വണ്ടൂർ കൂരാട് സ്വദേശി ജമാൽ ഹുസൈൻ എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.
വേട്ടയ്ക്കു പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. ആയുധങ്ങളും ഇവർ സഞ്ചരിച്ചിരുന്ന പുതുപുത്തൻ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ലൈസൻസില്ലാത്ത തോക്ക്, എട്ട് തിരകൾ, നാല് കത്തികൾ, തലയിൽ വെക്കുന്ന ലൈറ്റ് എന്നിവയും പിടികൂടി.
പുലർച്ചെ പൊലീസ് നടത്തിയ പട്രോളിങ്ങിനിടെ മായന്നൂർ റോഡ് കവലയിൽ നിന്നാണ് ഇരുവരും പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാറിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. കാറിന്റെ പിൻവശത്ത് ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങൾ. യുവാക്കള്‍ നേരത്തെയും സമാനരീതിയില്‍ വേട്ടയ്ക്ക് പോയിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് ഒറ്റപ്പാലം ഇന്‍സ്പെക്ടര്‍ അറിയിച്ചു.