കാറുകളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാര്‍ .14 വയസുവരെയുള്ളവര്‍ക്ക് കുട്ടിസീറ്റ് നിര്‍ബന്ധമാക്കിയ ഗതാഗത കമ്മീഷ്ണറുടെ നിര്‍ദേശം ബോധവത്കരണം മാത്രമെന്നും പിഴ ചുമത്തില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കുട്ടികളെ പിന്‍സീറ്റില്‍ ഇരുത്തിയാല്‍ മതിയെന്നും ഗതാഗതമന്ത്രി പറഞ്ഞു.
നാലുമുതല്‍ 14 വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് കാറുകളില്‍ കുട്ടികളുടെ സീറ്റ് നിര്‍ബന്ധമാക്കിയാണ് ഗതാഗത കമ്മീഷ്ണര്‍ എച്ച് നാഗരാജു ഇന്നലെ നിര്‍ദേശം ഇറക്കിയത്. എന്നാല്‍ മന്ത്രിയുമായി കൂടിയാലോചിക്കാതെ നിയമം മാത്രം നോക്കിയുള്ള നിര്‍ദേശം 24 മണിക്കൂറിനകം മന്ത്രി തിരുത്തി . എന്നാല്‍ കേന്ദ്ര നിയമത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം നടപ്പാക്കിയാല്‍ കേരളത്തില്‍ വണ്ടിയോടാനാകില്ലെന്നും ഗതാഗതമന്ത്രി.
വിദേശരാജ്യങ്ങളിലെ പോലെ കുട്ടികളുടെ സീറ്റുകള്‍ കേരളത്തില്‍ ലഭ്യമല്ല. രാജ്യത്തെല്ലാം നടപ്പാക്കുമ്പോള്‍ മാത്രം ഇവിടെ ആലോചിക്കും. കുട്ടികളെ പിന്‍സീറ്റിലിരുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളുമായി ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായി ധരിക്കണമെന്നും ഗതാഗതമന്ത്രി പറഞ്ഞു. രണ്ടും മൂന്നും കുട്ടികളളുള്ളവര്‍ കാറുകളില്‍ എങ്ങനെ കുട്ടി സീറ്റ് ഘടിപ്പിക്കും തുടങ്ങിയ ഒട്ടേറെ ആശങ്കകളാണ് ഇപ്പോള്‍ നീങ്ങുന്നത്.