ഭിന്നശേഷിക്കാര്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിനു വരുമാനപരിധി നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കുന്നു. ധനമന്ത്രി നിയമസഭയിലാണ് ഇക്കാര്യമറിയിച്ചത്. മാതാപിതാക്കളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളെ ദുരിതത്തിലാക്കുന്ന സര്‍ക്കാര്‍ നീക്കം മനോരമ ന്യൂസാണ് പുറത്തു കൊണ്ടു വന്നത്.
ചാണ്ടി ഉമ്മന്‍ എം എല്‍ എയുടെ ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായാണ് ധനമന്ത്രി വരുമാന പരിധി നിശ്ചയിച്ചത് പുനപരിശോധിക്കുമെന്ന് അറിയിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതരായ ഭിന്നശേഷിക്കാരായ മക്കള്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും 25 വയസു കഴിഞ്ഞും പെന്‍ഷന് അര്‍ഹതയുണ്ട്. ഇവര്‍ക്ക് വാര്‍ഷിക വരുമാനം അറുപതിനായിരത്തില്‍ കൂടിയാല്‍ ഫാമിലി പെന്‍ഷന്‍ നിഷേധിക്കാനായിരുന്നു നീക്കം.
അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ സാധാരണ ജീവിതം ബുദ്ധിമുട്ടായ മക്കള്‍ക്ക് വേണ്ടി മാസം വെറും 5000 രൂപ വരുമാനം ലഭിക്കുന്ന നിക്ഷേപം നടത്തിയാല്‍ പോലും ഫാമിലി പെന്‍ഷന്‍ നിഷേധിക്കപ്പെടും .ആയിരക്കണക്കിന് രൂപ ചികില്‍സയ്ക്കും മരുന്നിനും ചെലവ് വരുന്ന നോക്കാന്‍ എപ്പോളും കൂടെ ആളു വേണ്ട ഭിന്നശേഷിക്കാര്‍ക്ക് ഇരുട്ടടി ആകുന്ന തീരുമാനമാണ് പുനപരിശോധിക്കപ്പെടുന്നത്.