ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗമാര്‍ട്ടിന് പൊലീസിന്‍റെ ക്ലീന്‍ചിറ്റ്. ഓംപ്രകാശിനെ അറിയില്ലെന്നടക്കമുള്ള പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്നും ഉറപ്പിക്കുന്നു. കേസിലെ പ്രതികളില്‍ ഒരാളായ ചോക്ലേറ്റ് ബിനുവുമായുള്ള ശ്രീനാഥ് ഭാസിയുടെ ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിക്കും. അന്നേ ദിവസം നക്ഷത്രഹോട്ടലില്‍ മറ്റൊരു നടികൂടി എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷമാണ് പ്രയാഗയും ശ്രീനാഥ് ഭാസിയും മറ്റ് സുഹൃത്തുക്കളും ഓംപ്രകാശും സംഘവും തങ്ങിയ കൊച്ചി നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ എത്തിയത്. സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഈ യാത്രയെന്നാണ് പ്രയാഗയുടെ മൊഴി. ഞായറാഴ്ച പുലര്‍ച്ചെ നാലേകാലോടെ ഹോട്ടലില്‍ ഒരേവാഹനത്തില്‍ എത്തിയ പ്രയാഗയും ശ്രീനാഥും ഏഴരയോടെ ഹോട്ടല്‍വിട്ടു. വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയതെന്നും ഓംപ്രകാശിനെ കണ്ടിട്ടില്ലെന്നും അന്വേഷണസംഘത്തോട് വ്യക്തമാക്കി.
Also Read; പകല്‍വീടുകളില്‍ കരുതലും സന്തോഷവും മാത്രമല്ല, വരുമാനവും ലഭിക്കും
മുറിയിലുണ്ടായിരുന്ന മറ്റുള്ളവരുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പ്രയാഗ നല്ലകുട്ടിയെന്ന് പൊലീസും ഉറപ്പിക്കുന്നത്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണം. ലഹരിക്കേസുകളില്‍ പ്രതിയായ ചോക്ലറ്റ് ബിനുവുമായുള്ള ബന്ധമാണ് സംശയത്തിന് കാരണം. സാമ്പത്തികയിടപാടുകളുണ്ടെന്ന് ശ്രീനാഥ് ഭാസി സമ്മതിച്ചെങ്കിലും ഈ ഇടപാടുകള്‍ ലഹരിയുമായി ബന്ധപ്പെട്ടാണോ എന്നാണ് പരിശോധിക്കുന്നത്.
ലഹരിപരിശോധനയ്ക്ക് ഇരു താരങ്ങളും സന്നദ്ധത അറിയിച്ചെങ്കിലും ലഹരിയുപയോഗിച്ചുവെന്ന സ്ഥിരീകരണമില്ലാത്ത സാഹചര്യത്തില്‍ വൈദ്യപരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരാരെന്ന് അന്വഷണത്തിലാണ് ഹോട്ടലില്‍ മറ്റൊരു നടിയുടെ സാന്നിധ്യവും കണ്ടെത്തിയത്. ഇവര്‍ ഓംപ്രകാശും സംഘവും താമസിച്ച മുറിയിലാണോ എത്തിയതെന്ന് ഉറപ്പിച്ച ശേഷം ഇവരെയും ചോദ്യം ചെയ്യും.