ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ. കേസില്‍ കൂടുതല്‍ പ്രതികളില്ലെന്നാണ് സൂചനയെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. സംഭവം നടന്ന ദിവസം ഹോട്ടലില്‍ എത്തിയ കുറച്ച് ആളുകളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. അതിന് ശേഷം എന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കില്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൊക്കെയ്ന്‍ ഉള്‍പ്പടെ പിടിച്ചടെുത്തതില്‍ ഓംപ്രകാശ്, ചോക്ലേറ്റ് ബിനു, ഷിഫാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുപതിലേറെപ്പേരാണ് അന്ന് ഹോട്ടലില്‍ എത്തിയത്. ഇതില്‍ പന്ത്രണ്ടോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചിരുന്നു. ശേഷിക്കുന്നവരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. ശ്രീനാഥ് ഭാസിയെ പന്ത്രണ്ട് മണിക്കൂറും പ്രയാഗയെ രണ്ട് മണിക്കൂറും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഫൊറന്‍സിക് പരിശോധനാഫലത്തിനായും പൊലീസ് കാത്തിരിക്കുകയാണ്. Also Read: വിശ്രമിക്കാന്‍ ഒരു മുറിയില്‍ കയറി; ഓം പ്രകാശിനെ കണ്ടിട്ടില്ല; താരങ്ങളുടെ മൊഴി ഇങ്ങനെ
കേസില്‍ പ്രയാഗയ്ക്ക് നേരത്തെ പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓംപ്രകാശിനെ അറിയില്ലെന്നടക്കമുള്ള പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കി. കേസിലെ പ്രതികളില്‍ ഒരാളായ ചോക്ലേറ്റ് ബിനുവുമായുള്ള ശ്രീനാഥ് ഭാസിയുടെ ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിക്കും. അന്നേ ദിവസം നക്ഷത്രഹോട്ടലില്‍ മറ്റൊരു നടികൂടി എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.