abarimala

TOPICS COVERED

ശബരിമല സ്പോട്ട് ബുക്കിങ് നിര്‍ത്തലാക്കിയത് പിന്‍വലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. വലിയ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുന:പരിശോധന. സ്പോട്ട് ബുക്കിങ് പിന്‍വലിച്ചത് വലിയ അപകടമുണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പറഞ്ഞു.

 

കഴിഞ്ഞ മണ്ഡലകാലത്ത് പതിനയ്യായിരം അനുവദിച്ചിരുന്ന സ്പോട്ട് ബുക്കിങ്ങാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല ആലോചനായോഗം ഒറ്റയടിക്ക് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. ബുക്കിങ്ങിനെക്കുറിച്ച് അറിയാതെ എത്തുന്നവരുടെ ദര്‍ശനം മുടങ്ങുമെന്ന സാഹചര്യത്തിലാണ് പ്രതിഷേധം ഉയരുന്നത്. അയ്യപ്പസേവാസംഘം, യോഗക്ഷേമ സഭ തുടങ്ങി സംഘടനകള്‍ക്കൊപ്പം ബിജെപിയും സ്പോട്ട് ബുക്കിങ്ങ് നിര്‍ത്തിയതിനെതിരെ രംഗത്ത് വന്നു. അപകടകരമായ തീരുമാനമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. വി.ഡി.സതീശനും പറഞ്ഞത്

പ്രതിഷേധം കൂടുതല്‍ ശക്തമാകും എന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് തീരുമാനം പിന്‍വലിക്കാന്‍ ആലോചിക്കുന്നത്. സര്‍ക്കാരിന്‍റേതാകും അന്തിമ തീരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് 90,000 ഓണ്‍ലൈന്‍ ബുക്കിങ് ആയിരുന്നത് ഇത്തവണ 80,000 ആയി കുറച്ചിട്ടുണ്ട്. തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നതോടെ പൊലീസ് തന്നെയാണ് ഓണ്‍ലൈന്‍ ബുക്കിങ് കുറയ്ക്കണം എന്നും സ്പോട്ട് ബുക്കിങ് നിര്‍ത്തലാക്കണം എന്നും ആവശ്യപ്പെട്ടത്. എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാറിലെ ശബരിമല സ്പെഷല്‍ ഓഫിസറായി വീണ്ടും നിയോഗിക്കരുത് എന്നും കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിലും തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്

Travancore Devaswom Board may ask Govt to withdraw ban on Sabarimala spot booking: