സ്നേഹബന്ധത്തിലെ നിരാശയും പ്രതീക്ഷയും വിങ്ങലും ഫെയ്സ്ബുക്കില്‍ പങ്കുവച്ച് സിനിമാതാരം അഞ്ജലി അമീര്‍. റാസിന്‍ എന്ന സുഹൃത്തിനോടാണ് പോസ്റ്റിലെ വാചകങ്ങള്‍. ഏറെ ഇഷ്ടപ്പെടുന്ന സുഹൃത്ത് തന്നെ ചതിച്ചുവെന്നും ഒരു പ്രശ്നം വന്നപ്പോള്‍ തള്ളിപ്പറഞ്ഞുവെന്നും അഞ്ജലി കുറിച്ചു.
‘ഈ ലോകത്ത് മറ്റെന്തിനെക്കാളും ഇഷ്ടം നിന്നെയാണ്’എന്ന് രണ്ടുദിവസം മുന്‍പ് ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ കൂടിയായ അഞ്ജലി പോസ്റ്റ് ചെയ്തിരുന്നു. ഈ ബന്ധം മറ്റാരും അംഗീകരിക്കില്ലെന്ന് പറഞ്ഞപ്പോള്‍ കൂടെ നിന്ന് പ്രചോദനം തന്ന സുഹൃത്ത് ഇപ്പോള്‍ സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ ഒളിച്ചോടുകയാണെന്ന് താരം ആരോപിക്കുന്നു.
തള്ളിപ്പറഞ്ഞെങ്കിലും തിരിച്ചുവന്നാല്‍ ഇനിയും സുഹൃത്തിനെ വിശ്വസിക്കും. അത് വിഡ്ഢിയായതുകൊണ്ടല്ല, മറിച്ച് ഇഷ്ടം കൊണ്ടാണെന്നും അഞ്ജലി പറയുന്നു.
2016ല്‍ മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി സിനിമയിലെത്തിയത്. ഇരുപതാം വയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണമായും സ്ത്രീ ആയി മാറുകയായിരുന്നു.
അഞ്ജലി അമീറിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എനിക്ക് മനസ്സിലാവുന്നില്ല razin നീ എങ്ങോട്ട് ആണ് ഈ ഒളിച്ചോടുന്നതെന്ന്. ഞാൻ ഒരു പോസ്റ്റ് ഇട്ടു. അത് സത്യം. അത് ക്ഷമിക്കാൻ പറ്റാത്ത തെറ്റൊന്നും അല്ല. ഞാൻ പല പ്രാവശ്യം പറഞ്ഞതാണ്, ഈ റിലേഷൻ ശെരിയാവില്ല...ആരും അംഗീകരിക്കില്ല എന്ന്. അപ്പോഴൊക്കെ നീ എന്റെ കൂടെ നിന്ന് പ്രചോദനം തന്നു. പക്ഷേ ഒരു പ്രശ്നം വന്നപ്പോ എന്നെ തള്ളിപ്പറയുന്ന, അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ല. എന്റെ ലൈഫിൽ പലരും വന്നു പോയിട്ടുണ്ട്. അവർക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്നേഹവുമാണ് ഞാൻ നിനക്ക് തന്നിരുന്നേ. ഇപ്പൊ നിന്റെ ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞ് ഓടുന്ന ഈ ഓട്ടം നല്ലതല്ല. ഒക്കെ അവസാനിപ്പിച്ച് ഞാൻ പോയപ്പോഴും വീണ്ടും മടങ്ങി വന്നത് നീ ആണ്. പിന്നെയും ഞാൻ ചതിക്കപ്പെട്ടു. ഇനി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും. അത് ഞാൻ വിഡ്ഢി ആയത്കൊണ്ടല്ല. മറിച്ച് അത്രയും ഇഷ്ടപ്പെടുന്നതു കൊണ്ടാ.... ഇതൊക്കെ കണ്ട്, എന്റെ വിഷമം കണ്ട്, ചിലപ്പോ നീ ഹാപ്പി ആയിരിക്കും. പക്ഷെ ഒന്നുണ്ട്... നീ കാരണം ഞാൻ മരിച്ചു വീണാൽ ഒന്നോർക്കുക, ഒരിക്കലും എന്റെ മരണം കൊണ്ട് ഒരു മനസ്സമാധാനവും കിട്ടില്ല. അവന്റെ ഭാഗം മാത്രം കേൾക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും നിങ്ങളുടെ മകൻ വേദനിക്കുന്നതിനെക്കാളും ഒരായിരം ഇരട്ടി ഞാൻ വേദനിക്കുന്നുണ്ട്. ഇത്തിരി മനസ്സാക്ഷി നിങ്ങൾക്കു ഉണ്ടെങ്കിൽ ഒന്ന് മനസ്സിലാക്കുക.