ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ വീണ്ടും നടപടി. സംഭവവുമായി ബന്ധപ്പെട്ട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഒ. നൗഷാദിനെ സസ്പെന്റ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
സംഭവത്തിൽ നേരത്തെ എസ് ടി പ്രമോട്ടറെ പുറത്താക്കിയിരുന്നു. കുടുംബത്തിന് ആംബുലൻസ് ലഭ്യമാക്കുന്നതിൽ ജാഗ്രതകുറവ് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ട്രൈബൽ പ്രമോട്ടർ മഹേഷിനെ ബലിയാടാക്കി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുകയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെ മുതൽ ട്രൈബൽ ഡെവലപ്മെന്റ് ഓഫിസ് ഉപരോധിച്ചിരുന്നു. പിന്നാലെയാണ് എക്സ്റ്റൻഷൻ ഓഫിസർക്കെതിരെ വകുപ്പ് നടപടിയെടുത്തത്.