യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ താരങ്ങള്‍ക്കെതിരെ പൊലീസ് കേസ്. നടി സ്വാസിക, ബീന ആന്റണി, ഭര്‍ത്താവ് മനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്. ബീന ആന്റണി ഒന്നാം പ്രതിയും ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്.
ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജിന്റെ ഒരു വിഡിയോയ്ക്ക് മറുപടിയായി ആലുവ സ്വദേശിയായ നടി ബീന ആന്റണിയെ അപകീര്‍ത്തിപ്പെടുത്തുമാറ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബീന ആന്റണിയും പരസ്യ പ്രതികരണം നടത്തിയിരുന്നു. 33 വര്‍ഷമായി താന്‍ ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളാണെന്നും ഇത്രയും വർഷം ഒരു ജോലിയുമില്ലാതെ നിന്നിട്ടില്ല. വേറെ എന്തെങ്കിലും വഴികളിൽ കൂടിയൊക്കെ കുടുംബം പോറ്റേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും അവര്‍ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
'ദൈവാനുഗ്രഹം കൊണ്ട് എനിക്ക് ഇപ്പോഴും വർക്ക് കിട്ടുന്നുണ്ട്. ഇതിന്റെ ഇടയിൽ നിന്ന് ഞാൻ എന്തിന് വേറെ കുറുക്കുവഴികളിൽ കൂടി എന്റെ കുടുംബത്തെ നോക്കണം. അത്രയേറെ വർക്കുകളും പ്രോഗ്രാമുകളും ഷോകളും ഒക്കെ ആയിട്ട് ഞാൻ നല്ല അന്തസ്സോടെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. ഒരു മോശം വഴിയിലും പോയിട്ട് ജീവിക്കേണ്ട ഗതികേട് എനിക്ക് ദൈവം വരുത്തിയിട്ടില്ല. എന്റെ പേരെടുത്ത് പലരും പലതും കുരച്ചിട്ടുണ്ട് അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ഏത് ഞരമ്പുകൾ പറഞ്ഞാലും എനിക്കൊന്നുമില്ല. എന്നെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടെന്ന് എനിക്കറിയാം. എനിക്ക് നിങ്ങൾ തരുന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ബാക്കി ആര് എവിടെ കിടന്ന് എന്ത് കുരച്ചാലും എനിക്ക് ഒരു വിഷയവുമില്ല. എന്റെ കുടുംബം എനിക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ടെന്നും' ബീന ആന്റണി പറഞ്ഞു.