കൊല്ലം ഓച്ചിറയിൽ ഉത്സവത്തിനിടെ കെട്ടുകാള മറിഞ്ഞുവീണു. ഞക്കനാൽ പടിഞ്ഞാറേക്കരയുടെ 72 അടി ഉയരമുള്ള കാലഭൈരവൻ എന്ന കെട്ടുകാളയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരുക്കില്ല. പടനിലത്തെത്തുന്ന കെട്ടുകാളകളിൽ ഏറ്റവും വലിയവൻ എന്ന ഖ്യാതിയുള്ള കാലഭൈരവനാണ്
എല്ലാവരെയും വിഷമത്തിലാക്കി മറിഞ്ഞു വീണത്. ദേശീയപാതയുടെ ഭാഗത്ത് ഉറപ്പിച്ചിരുന്ന കെട്ടുകാളയെ ക്രെയിൻ ഉപയോഗിച്ച് വലിക്കുന്നതിനിടെയാണ് അപകടം. ചരിഞ്ഞു തുടങ്ങിയതോടെ അപകടം മുന്നിൽക്കണ്ട് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും പരുക്കുണ്ടായില്ല. കെട്ടുകാളമറിഞ്ഞു വീണ് വൈദ്യുതി ലൈനുകൾ തകർന്നു. ഏറ്റവും വലിയ കെട്ടുകാളയ്ക്കുള്ള യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ അവാർഡ് കഴിഞ്ഞ വർഷം ലഭിച്ചത് കാലഭൈരവനായിരുന്നു.
പതിനാലു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് തയാറാക്കിയ എഴുപത്തിരണ്ട് അടി ഉയരമുള്ള കാലഭൈരവന്റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമായിരുന്നു. ഇരുപതു ടൺ ഇരുമ്പ്, ഇരുപത്തിയാറു ടൺ വൈക്കോൽ എന്നിവകൊണ്ടായിരുന്നു നിർമാണം. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ അൻപത്തിരണ്ടു കരകളിൽ നിന്നാണ് ഭക്തർ പടനിലത്തേക്ക് കെട്ടുകാളകളെ എത്തിക്കുന്നത്. ചെറുതും വലുതുമായ ഇരുന്നൂറിലധികം കെട്ടുകാളകൾ അണി നിരക്കുന്നതാണ് കാളകെട്ടുൽസവം.