കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തമിഴ്നാട് സ്വദേശി ട്രെയിനില്‍നിന്ന് വീണുമരിച്ച സംഭവത്തില്‍ റെയില്‍വേ കരാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്. അനില്‍കുമാര്‍ ശരവണനെ തള്ളിയിട്ടതെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തെ മരിച്ച ശരവണിനെ റെയിൽവേ കരാർ ജീവനക്കാരൻ അനിൽ കുമാർ തള്ളിയിട്ടതായി ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ മനപൂർവമായ നരഹത്യക്ക് റെയിൽവേ പൊലീസ് കേസ് എടുത്തിരുന്നു. 

തമിഴ്നാട് കാഞ്ചീപുരം സ്വദേശിയാണ് മരിച്ച ശരവണന്‍. തലശേരിയിലെ ബന്ധുവിനെ സന്ദർശിച്ച ചെന്നൈയിലേക്ക് മടങ്ങാൻ ട്രെയിൻ കയറിയ ശരവണന്‍ കോഴിക്കോട് എത്തിയപ്പോൾ ചെന്നൈ എക്സ്പ്രസിൽ നിന്ന് മംഗലൂരു - കൊച്ചുവേളി എക്സ്പ്രസിലേക്ക് മാറി കയറി, ഷൊർണ്ണൂരിൽ ഇറങ്ങി വേഗത്തിൽ നാടു പിടിക്കാനായിരുന്നു ശ്രമമെന്നാണ് സംശയം. എസി കംപാർട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശരവണന്‍, ട്രെയിൻ നീങ്ങുന്നതിനിടെ പ്ലാറ്റ് ഫോമിന്‍റെയും കോച്ചിന്‍റെയും ഇടയിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

ട്രെയിനിൽ ബെഡ് ഒരുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന കണ്ണൂർ സ്വദേശിയുമായി ഇയാൾ വാഗ്വാദത്തിൽ ഏർപ്പെട്ടെന്നും, കൊലപ്പെടുത്തിയതാണോ എന്ന സംശയം പ്ലാറ്റ്ഫോമിൽ നിന്ന സ്ത്രീ ആർപിഎഫിനെ ധരിപ്പിച്ചതോടെയുമാണ് സംശയം ഉടലെടുത്തത്. മനപൂർവ്വം ശരവണനെ തളളിയിട്ടിട്ടില്ലെന്നാണ് കരാർ ജീവനക്കാരൻ ആദ്യം പൊലീസിന് നൽകിയ മൊഴി. ശരവണന്‍റെ മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നാളെ കാഞ്ചീപുരത്ത് നിന്ന് ബന്ധുക്കൾ എത്തിയ ശേഷമാവും മൃതദ്ദേഹം വിട്ടു നൽകുക. 25 കാരനായ ശരവൻ ചെന്നൈയിൽ ബസിലെ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു.

ENGLISH SUMMARY:

In the incident where a Tamil Nadu resident fell and died at the Kozhikode railway station, a railway contract employee has been arrested. Allegations had arisen earlier that the railway contract employee Anilkumar had pushed the deceased Sharavanan.