mv-govindan-03

വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാത്ത മദ്രസകളെ സഹായിക്കരുതെന്ന നിര്‍ദേശം ഭരണഘടനാവിരുദ്ധമെന്ന് സി.പി.എം. മതധ്രുവീകരണത്തിന് ശ്രമമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളത്തില്‍ മദ്രസപഠനം ഉത്തരേന്ത്യയിലെപ്പോലെയല്ല, പൊതുവിദ്യാഭ്യാസവുമായി ചേര്‍ന്നതാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, കേരളത്തിലെ മദ്രസകളെക്കുറിച്ചല്ല ബാലാവകാശ കമ്മിഷന്‍ പറഞ്ഞതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. മറ്റിടങ്ങളില്‍ മദ്രസ വിദ്യാഭ്യാസം മാത്രമെന്ന നിലപാടുണ്ട്. അത് ഇല്ലാതാക്കാനാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

മദ്രസകള്‍ക്കുളള ധനസഹായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഉത്തരവ് കേരളത്തെ ബാധിക്കില്ലെന്നും ഉത്തരേന്ത്യയെ ലക്ഷ്യമിട്ടുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസ് പറഞ്ഞു.

ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ പൂട്ടിക്കാമെന്നത് മോഹം മാത്രമെന്നായിരുന്നു പി.വി. അന്‍വറിന്‍റെ പ്രതികരണം. മദ്രസകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബാലാവകാശ കമ്മീഷനല്ലെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. നൂര്‍ബിന റഷീദും രംഗത്തെത്തി.

ENGLISH SUMMARY:

CPM has criticized the directive to withhold assistance from madrasas that do not implement the Right to Education Act, calling it unconstitutional. State Secretary M.V. Govindan stated that this is an attempt at communal polarization. He further remarked that madrasa education in Kerala is not like that in North India, as it is integrated with the public education system.