ഫയല്‍ ചിത്രം

രാഷ്ട്രപതിക്ക് കത്തെഴുതുമെന്ന ഭീഷണിക്കിടെ ഗവർണറോടു സ്വരം കടുപ്പിച്ച് മുഖ്യമന്ത്രിയുടെ കത്ത്. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടാതിരുന്ന രീതി പൊതു സമൂഹത്തിനറിയാമെന്നു മുഖ്യമന്ത്രി തിരിച്ചടിച്ചു. സ്വർണകടത്തിൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രി വ്യക്തിപരമായ ആക്ഷേപങ്ങളിലുള്ള പ്രതിഷേധവും അറിയിച്ചു.

സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് ഗവർണറോട് കടുപ്പിച്ചു പറഞ്ഞാണ് ഇല്ലാത്ത വ്യാഖ്യാനങ്ങൾ നൽകരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അൻവറിന്‍റെ ആരോപണങ്ങളിൽ മറുപടി നൽകാൻ 27 ദിവസം കാലതാമസമെടുത്തെന്ന ആക്ഷേപത്തിനാണ് ബില്ല് ഗവർണർ ഒപ്പിടാതിരുന്നത് ഓർമിപ്പിച്ച് മുഖ്യമന്ത്രി തിരിച്ചടിക്കുന്നത്. ഇക്കാര്യത്തിൽ ഗവർണർ സുപ്രീം കോടതിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നതും കത്തിൽ പരാമർശിക്കുന്നു.

സ്വർണ്ണക്കടത്ത് നികുതി വരുമാനം കുറയ്ക്കുന്നു എന്ന അർഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്. ഇതിന് സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന വ്യാഖ്യാനങ്ങൾ നൽകരുത്. വിവരങ്ങൾ ശേഖരിച്ചു മാത്രമേ മറുപടി നൽകാൻ കഴിയൂ എന്നതിനാലാണ് 27 ദിവസത്തെ കാലതാമസമെടുത്തത്. ഹിന്ദുവിലെ അഭിമുഖവുമായി ബന്ധപ്പെട്ട്  കൃത്യമായ വിവരങ്ങൾ രാജ്ഭവന് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വിശ്വാസതയില്ലെന്ന്  വ്യകതിപരമായ ആക്ഷേപത്തിന് കടുത്ത പ്രതിഷേധവും മുഖ്യമന്ത്രി കത്തിൽ രേഖപ്പെടുത്തി. ധൈര്യമുണ്ടെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ സിപിഎം ഇന്നലെ വെല്ലുവിളിച്ചത് പിന്നാലെയാണ് ഒട്ടും പിന്നോട്ടില്ലെന്നു സൂചിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ കത്ത്.

ENGLISH SUMMARY:

Chief Minister Pinarayi Vijayan has responded to Governor Arif Mohammad Khan. In a letter to the Raj Bhavan, the Chief Minister emphasized that the government has nothing to hide.