പരസ്യവിമര്‍ശനത്തിനു പിന്നാലെ എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ പത്തനംതിട്ട സിപിഎം. നവീന്‍ ബാബുവിന്‍റെ ആത്മഹത്യയില്‍ പരാതി നല്‍കുമെന്ന് പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം. ദിവ്യ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കണമെന്ന് ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍. പാര്‍ട്ടിക്ക് പരാതി നല്‍കും. നടപടിയില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. വിളിക്കാതെ ദിവ്യ ചെന്നിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഗൂഢലക്ഷ്യമെന്നും മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു.
Read Also: വിളിക്കാതെ ചെന്നതിന് പിന്നില്‍ ഗൂഢലക്ഷ്യം; പി.പി.ദിവ്യയ്‌ക്കെതിരെ പത്തനംതിട്ട സിപിഎം
നവീൻ ബാബുവിന്റെ വീട് മലയാലപ്പുഴയ്ക്കടുത്ത് താഴം എന്ന സ്ഥലത്താണ്. നവീൻ കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്നു. സിപിഎമ്മിന്റെ അടിയുറച്ച വിശ്വാസികളാണ് കുടുംബമെന്നും ബന്ധുക്കൾ പറഞ്ഞു. പാർട്ടി കുടുംബമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അച്ഛൻ കൃഷ്ണൻനായരും അമ്മ രത്നമ്മയും പാർട്ടിക്കാരാണ്. ഇരുവരും അധ്യാപകരായിരുന്നു.
അമ്മ രത്നമ്മ 1979ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നവീൻ ബാബു സർവീസിന്റെ തുടക്കത്തിൽ എൻജിഒ യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അംഗമായി. ഭാര്യയും സംഘടനയിൽ അംഗമാണ്.
ബന്ധുക്കളിൽ പലരും സിപിഎം അനുകൂല സർവീസ് സംഘടനകളിൽ അംഗമാണ്. ഭാര്യയുടേതും പാർട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ ഇന്നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. യാത്രയയപ്പ് ചടങ്ങിനിടെ നവീനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം. യാത്രയയപ്പിനുശേഷം ഇന്നലെ രാത്രി പത്തനംതിട്ടയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന വീട്ടുകാര്‍, നവീന്‍ ബാബുവിനെ കാണാതായതോടെയാണ് അന്വേഷിച്ചത്.