മലപ്പുറം വണ്ടൂരിലെ ബവ്റിജസ് ഔട്ട്ലെറ്റ് വാണിയമ്പലം പാറയിലേക്ക് മാറ്റണമെന്ന പി.വി.അന്‍വറിന്‍റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി വാണിയമ്പലം പാറയിലെ ത്രിപുരസുന്ദരി ക്ഷേത്ര കമ്മിറ്റി. അത്താണിക്കലിലെ ബവ്റിജസ് കോര്‍പ്പറേഷന്‍റെ മദ്യവില്‍പനശാല അടച്ചു പൂട്ടണമെന്ന ആവശ്യവുമായി നടക്കുന്ന സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പി.വി.അന്‍വര്‍.
മദ്യവില്‍പന ഔട്ട്ലെറ്റിനെതിരെയുളള സമരം അന്‍പതാം ദിവസത്തിലേക്ക് കടന്ന ദിവസം പി.വി. അന്‍വര്‍ നടത്തിയ പ്രതികരണത്തിലാണ് പാറയുടെ മുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ജനവാസ മേഖലയില്‍ നിന്ന് 60 ഏക്കറിലേറെ വിസ്തീര്‍ണമുളള വാണിയമ്പലം പാറയിലേക്ക് മാറ്റണമെന്ന പ്രതികരണത്തിനെതിരെയാണ് പ്രതിഷേധം. വാണിയമ്പലം പാറയുടെ മുകളിലാണ് ത്രിപുരസുന്ദരി ക്ഷേത്രം. എംഎല്‍എ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.