കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തോടെ പ്രതിരോധത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യയും, ജില്ലയിലെ സിപിഎം നേതൃത്വവും. നവീന്‍ അഴിമതി നടത്തിയതായി തെളിവുണ്ടെങ്കില്‍ മേല്‍നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അതിന് തയ്യാറാകാതെ യാത്രയയപ്പ് യോഗത്തില്‍ വിളിക്കാതെ എത്തി പരസ്യമായി ആക്ഷേപം ഉന്നയച്ചതിലെ അനൗചിത്യമാണ് നവീന്‍ ബാബുവിന്‍റെ സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത്. കലക്ട്രേറ്റില്‍ പ്രതിഷേധവുമായെത്തിയവര്‍ കലക്ടറെ തടഞ്ഞു.

സര്‍വീസില്‍ നാളിതുവരെ നല്ലതുമാത്രം കേട്ട ഉദ്യോഗസ്ഥന്‍ എന്നാണ് സഹപ്രവര്‍ത്തകരും മുന്‍പ് നവീനൊപ്പം ജോലി ചെയ്തവരും ഒരുപോലെ പറയുന്നത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നവീന്‍‌  ദീര്‍ഘകാലം പത്തനംതിട്ട ജില്ലയില്‍ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. പത്തനംതിട്ടയില്‍ നിന്ന് പ്രൊമോഷനോടെയാണ് കാസര്‍ഗോഡേക്ക് പോയത്. തിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരേക്ക്  മാറ്റി.  ഇപ്പോള്‍ നാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയതാണ്. നാടണയുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണ് മരണം. 

എഡിഎമ്മനെതിരായ വിര്‍ശനവും അതിനുശേഷമുള്ള അദ്ദേഹത്തിന്‍റെ മരണവും സംബന്ധിച്ച് പ്രതികരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റോ പാര്‍ട്ടി നേതൃത്വമോ  ഇനിയും തയ്യാറായിട്ടില്ല.

Also Read: ‘അവനിങ്ങ് വരുവല്ലോ, രാവിലെ കാണാമല്ലോ എന്ന് കരുതി; പക്ഷേ...’

പി.പി ദിവ്യ പറഞ്ഞത്;

മുമ്പുണ്ടായിരുന്ന എ.ഡി.എമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഞാന്‍ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്‍റെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്ന് പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വീണ്ടും ആ ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

 

എന്നാല്‍, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്‍റേയെന്ന് പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകന്‍ എന്‍റെ ഓഫീസ് മുറിയില്‍ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു. എന്നാല്‍, ആ പ്രദേശത്ത് അല്‍പ്പം വളവും തിരിവുമെല്ലാം ഉള്ളതിനാല്‍ എന്‍.ഒ.സി. നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതായി പിന്നീട് അറിയാന്‍ സാധിച്ചു. ഇപ്പോള്‍ ഇദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എന്‍.ഒ.സി. കിട്ടിയെന്ന് അറിഞ്ഞു. ഏതായാലും നന്നായി, ആ എന്‍.ഒ.സി. എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എന്‍.ഒ.സി. നല്‍കിയതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാന്‍ ഇപ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്.

Also Read: ‘നവീന്‍ മാന്യനാ; സിപിഎംകാരനാ’; സ്നേഹിക്കാനേ അറിയൂ എന്ന് നാട്ടുകാര്‍

ജീവിതത്തില്‍ സത്യസന്ധത എപ്പോഴും പാലിക്കണം. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍ക്കാര്‍ സര്‍വീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയും.

എന്നാല്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുണ്ടെന്ന് ദിവ്യ സമര്‍ഥിച്ചുവെങ്കിലും നവീന്‍റെ മരണവാര്‍ത്ത പുറത്തുവന്നതിനു ശേഷം അവരുടെ പ്രതികരണമെത്തിയിട്ടില്ല. ഇന്ന് രാവിലെയാണ് നവീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് നാട്ടിലെത്തുമെന്ന് പറഞ്ഞതനുസരിച്ച് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന കുടുംബത്തിന് തീരാവേദനയായി ആ മരണവാര്‍ത്തയെത്തി. 

ENGLISH SUMMARY:

Kannur District Panchayat President P.P. Divya did not respond to the death of ADM Naveen Babu.