കോളജ് അധികൃതരുടെ അനാസ്ഥയില്‍ മഹാരാജാസ് കോളജിന് സ്വയംഭരണാവകാശ പദവി നഷ്ടപ്പെട്ടെന്ന് യുജിസിയുടെ വിവരാവകാശരേഖ. 2020 മാര്‍ച്ചില്‍ അവസാനിച്ച സ്വയംഭരണാവകാശ പദവി നിലനിറുത്താനുള്ള അപേക്ഷ പുതുക്കി നല്‍കാത്തതാണ് കാരണം. ഇതോടെ 2020 മാര്‍ച്ചിന് ശേഷം നടത്തിയ പരീക്ഷകളും നല്‍കിയ ബിരുദങ്ങളും അസാധുവാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
2014ലാണ് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണാവകാശ പദവി ലഭിക്കുന്നത്. 2020വരെയായിരുന്നു കാലാവധി. അതിനുശേഷം സ്വയംഭരണാവകാശ പദവി തുടരുന്നതിന് കോളജ് അധികൃതര്‍ യുജിസി പോര്‍ട്ടലില്‍ അപേക്ഷ നല്‍കേണ്ടതായിരുന്നു. എന്നാല്‍ കോളജിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഇതിനെതുടര്‍ന്ന് സ്വയംഭരണാവകാശം നഷ്ടപ്പെട്ടുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപ്‍യെന്‍ കമ്മിറ്റിയ്ക്ക് യുജിസി നല്‍കിയ വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു.
പദവി പുതുക്കി നല്‍കാന്‍ യുജിസി പോര്‍ട്ടലില്‍ കോളജ് അപേക്ഷിച്ചിട്ടില്ലെന്ന കാരണവും വിവരാവകാശരേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, മഹാരാജാസിന് സ്വയംഭരണാവകാശ പദവി നഷ്ടപ്പെട്ടിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോളജ് അധികൃതര്‍. സ്വയംഭരണാവകാശ പദവി പുതുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ പദവി നഷ്ടപ്പെട്ടത് പരീക്ഷാ നടത്തിപ്പിനെയും സര്‍ട്ടിഫിക്കറ്റിന്‍റെ മൂല്യത്തെയും ബാധിക്കുമോയെന്നാണ് പ്രധാന ആശങ്ക.
കോളജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകാനും സാധ്യതയുണ്ട്. സിലബസ് അംഗീകരിക്കുന്നതും ചോദ്യക്കടലാസ് തയ്യാറാക്കുന്നതും പരീക്ഷാ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും കോളജ് തന്നെ നടത്തുന്നതും കൊണ്ട്, ഈ അവസരം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആക്ഷപവും നിലനില്‍ക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപ്‍യെന്‍ കമ്മിറ്റി നിവേദനം നല്‍കി.