mathairepor

TOPICS COVERED

ഉരുൾ‌പൊട്ടലിൽ സർക്കാർ നിയോഗിച്ച ജോണ്‍മത്തായി വിദഗ്ധസമിതി റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം. വിചിത്ര നിർദേശങ്ങളുള്ള റിപ്പോർട്ട്, റിസോർട്ട് മാഫിയയെ സഹായിക്കാനെന്ന് സിപിഐ ആരോപിച്ചു. പ്രതിഷേധം കനത്തതോടെ സർവേ നടപടികൾ താൽകാലികമായി നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടറുടെ തീരുമാനം. 

 

പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടി വന്ന ഭാഗത്തു ഞന്ന് അമ്പത് മീറ്ററിനപ്പുറവും ചൂരല്‍മലയില്‍ ദുരന്തബാധിത പ്രദേശത്തിന്‍റെ മുപ്പത് മീറ്ററിനപ്പുറം വാസയോഗ്യമാണ്.. സർക്കാർ നിയോഗിച്ച ഭൗമ ശാസ്ത്രജ്ഞൻ ജോണ്‍മത്തായി നേതൃത്വം നല്‍കിയ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിലെ ഭാഗമാണിത്. വ്യാപക വിമർശനം ഉയർന്നതും ഇതേ പറ്റി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലം മാര്‍ക്ക് ചെയ്യാനുള്ള സര്‍വേ നടപടികള്‍ക്ക് ഇന്ന് തുടക്കമിട്ടതോടെയാണ് ദുരന്ത ബാധിതരും ജനപ്രതിനിധികളും പ്രതിഷേധവുമായെത്തിയത്. റിപ്പോർട്ട് അംഗീകരിക്കില്ലെന്നായിരുന്നു പക്ഷം

പ്രദേശത്തെ എല്ലാവര്‍ക്കും പുനരധിവാസം നല്‍കണമെന്നാണ് ആവശ്യം. അതല്ലാ എങ്കിൽ ഉദ്യോഗസ്ഥരെ തടയുമെന്ന് ദുരന്ത ബാധിതർ. അതോടെ സര്‍വകക്ഷിയോഗം ചേരാന്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധിതമായി. ജോണ്‍മത്തായി റിപ്പോര്‍ട്ടിനെതിരെ സിപിഐയും എന്‍സിപിയും ഉള്‍പ്പെടെ ഭരണകക്ഷിയില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നു. റിപ്പോര്‍ട്ട് റിസോര്‍ട്ട്മാഫിയക്ക് വേണ്ടിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആരോപിച്ചു

ദുരന്ത ബാധിതരെ വീണ്ടും കൊലക്ക് കൊടുക്കുന്നതാണ് റിപ്പോർട്ടെന്നും അംഗീകരിക്കില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാറും വ്യക്തമാക്കി.  ദുരന്ത ബാധിതരുടെ ആശങ്ക പരിഹരിക്കുമെന്നും സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവക്കുകയാണെന്നും ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു. ജോൺ മത്തായി റിപ്പോർട്ട് പ്രാഥമിക ഘട്ടം മാത്രമാണെന്നും ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്നും കലക്ടർ അറിയിച്ചു. അതേ സമയം ദുരന്തബാധിത മേഖലകളിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കർശനമായി നിയന്ത്രിക്കാനും കലക്ടർ തീരുമാനമെടുത്തു.

Widespread protests have erupted against the John Mathai expert committee's report on landslides, appointed by the government. :