ജനരോഷത്തിന്‍റെ ചൂടറിഞ്ഞതിന് പിന്നാലെ കുട്ടമ്പുഴയിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ തിരക്കിട്ട പദ്ധതികളുമായി വനംവകുപ്പ്. പകലും പ്രതിഷേധമുയർന്നതോടെ കലക്ടർ നൽകിയ ഉറപ്പുപ്രകാരം കിടങ്ങിന്‍റെ നിർമാണം പ്രദേശത്ത് തുടങ്ങി. വനംവകുപ്പിന് വീഴ്ചയില്ലെന്ന് വനം മന്ത്രി ആവർത്തിക്കുമ്പോൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തുകയാണ് കോതമംഗലം രൂപതയും നാട്ടുകാരും.
എൽദോസിനെ ആക്രമിച്ച ഒറ്റയാനിൽ നിന്ന് രാത്രി പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എൽദോസിനെ ആക്രമിക്കുന്നത് നേരിൽ കണ്ടവരുടെ വാക്കുകളിൽ ഭയം പ്രകടം. വർഷങ്ങളായി വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതിമുട്ടുകയാണ് കുട്ടമ്പുഴക്കാർ. സർക്കാരിന്‍റെ വാഗ്ദാനങ്ങൾ കേട്ട് മടുത്ത നാട്ടുകാരുടെ പക്ഷത്താണ് കോതമംഗലം രൂപതയും. വനംമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കത്തോലിക്ക കോൺഗ്രസ്. മറ്റ് വകുപ്പുകളെ കൂടി പഴിച്ച് തലയൂരനായിരുന്നു വനം മന്ത്രിയുടെ തത്രപ്പാട്. ഇതുവരെ ചെറുവിരൽ അനക്കാതിരുന്ന വനംവകുപ്പ് ഉച്ചയോടെ കിടങ്ങ് നിർമാണം തുടങ്ങി. യുദ്ധകാലഅടിസ്ഥാനത്തിൽ ജോലികൾ പൂർത്തിയാക്കുമെന്നും പ്രഖ്യാപനം.