കണ്ണൂരില്‍ ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിന്റെ സംസ്കാരം നാളെ. മൃതദേഹം എത്തിക്കാന്‍ വൈകുന്നതോടെയാണ് സംസ്കാരം നാളത്തേക്ക് മാറ്റിയത്. മൃതദേഹം ഇന്ന് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ രാവിലെ പത്തുമണിക്ക് പത്തനംതിട്ട കലക്ട്രേറ്റില്‍ പൊതുദര്‍ശനം. ഉച്ചയോടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്കുശേഷം സംസ്കാരം നടക്കും. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. ഇന്നലെ രാത്രി ബന്ധുക്കള്‍ കണ്ണൂരിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
അതേസമയം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അപമാനിച്ചതില്‍ മനംനൊന്തുള്ള എഡിഎമ്മിന്‍റെ മരണത്തില്‍ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയിലേക്ക്. ഇന്ന് റവന്യു ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കലക്ടറേറ്റിലെ ജീവനക്കാര്‍ കലക്ടറെ തടഞ്ഞുവച്ചു. ദിവ്യയ്ക്കെതിെര പരാതി നല്‍കുമെന്ന് പത്തനംതിട്ട സിപിഎമ്മും വ്യക്തമാക്കി. കൊലയ്ക്കു തുല്യമെന്നു പ്രതികരിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. കണ്ണൂര്‍ നഗരത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.