naveen-lasthours

അപ്രതീക്ഷിതമായി കേട്ട അഴിമതി ആരോപണം എത്രത്തോളം ആ ഉദ്യോഗസ്ഥന്‍റെ മാനസികനിലയെ ഉലച്ചു എന്നു വ്യക്തമാകുന്നതാണ്  നവീന്‍ ബാബുവിന്‍റെ അവസാന മണിക്കൂറുകള്‍.  റിട്ടയര്‍മെന്‍റിന്  മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്‍റെ ആശ്വാസത്തിലായിരുന്നു  നവീന്‍ . സമാധാനത്തോടെ  ഔദ്യോഗിക ജീവിതത്തിന്‍റെ അവസാനകാലത്തേക്ക് കടക്കാമെന്ന പ്രതീക്ഷയോടെയാണ് യാത്രയയപ്പിനെത്തിയത് . പക്ഷേ ജില്ലാ പഞ്ചായത്ത്  പ്രസിഡന്‍റിന്‍റെ അസ്ഥാനത്തുള്ള ആരോപണം അയാളെ അടിമുടി തകര്‍ത്തു കളഞ്ഞു. അക്കാലമത്രയും സത്യസന്ധമായി ഔദ്യോഗിക ജീവിതം നയിച്ച നവീന്‍ ബാബുവിന് സഹിക്കാവുന്നതായിരുന്നില്ല ആ ആരോപണം. 

naveen-house

പോകുന്നതിനു മുന്‍പ് തീര്‍പ്പാക്കാനുള്ള ഫയലുകളെല്ലാം വേഗത്തില്‍ തീര്‍പ്പാക്കിയിരുന്നു നവീന്‍ ബാബു. അതെല്ലാം കഴിഞ്ഞായിരുന്നു റവന്യൂ സ്റ്റാഫ് നല്‍കിയ യാത്രയയപ്പ്. കലക്ടർ അരുൺ കെ.വിജയൻ, ഡപ്യൂട്ടി കലക്ടർമാരായ കെ.വി.ശ്രുതി, ശ്രീലത എന്നിവരെല്ലാം സന്നിഹിതരായ ചടങ്ങ്. കലക്ടറുടെ പ്രസംഗം കഴിഞ്ഞാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ കാമറമാനെയും ഒരുക്കി നിര്‍ത്തി കലക്ടര്‍ക്കരികില്‍ വന്നിരുന്നത്. 

റവന്യു ജീവനക്കാർ മാത്രം പങ്കെടുക്കുന്ന ചടങ്ങിലേക്കു മറ്റാരെയും ക്ഷണിച്ചിരുന്നില്ല. വേദിയിൽ കലക്ടർക്കരികിൽ ഇരുന്ന ദിവ്യ മൈക്ക് മുന്നിലേക്കു നീക്കിവച്ച് ‘ഞാനൊരു വഴിപോക്കയാണെന്നു’ പറഞ്ഞാണ്  പ്രസംഗം ആരംഭിച്ചത്.  എഡിഎമ്മിനെ വിമർശിച്ചുള്ള 6 മിനിറ്റ് പ്രസംഗം കഴിഞ്ഞ് ദിവ്യ ഇറങ്ങിപ്പോയി. ദിവ്യയുടെ പരാമര്‍ശത്തില്‍ ഞെട്ടിയ ഉദ്യോഗസ്ഥരാരും ഒന്നും പ്രതികരിച്ചില്ല, ജീവനക്കാര്‍ നല്‍കിയ ഉപഹാരം കലക്ടര്‍ എഡിഎമ്മിനു കൈമാറി. അതു സ്വീകരിച്ചു മേശപ്പുറത്തു വച്ചു.  ദിവ്യ പറഞ്ഞതൊന്നും പരാമര്‍ശിക്കാതെ അതുവരെയുള്ള ഔദ്യോഗിക ജീവിതത്തെക്കുറിച്ചും നാട്ടിലേക്ക്  പോകുന്നതിനെക്കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ എഡിഎം മറുപടി നല്‍കി അവസാനിപ്പിച്ചു. Also Read...‘പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്‍റേത്’; പ്രശാന്ത് ബെനാമിയെന്ന് കോണ്‍ഗ്രസ്...


naveen-home

യാത്രയയപ്പ് ചടങ്ങിലെ ഉപഹാരം മേശപ്പുറത്തുനിന്നും നവീന്‍ ബാബു എടുത്തിരുന്നില്ല. സഹപ്രവര്‍ത്തക അതെല്ലാമെടുത്ത് എഡിഎമ്മിന്‍റെ മേശപ്പുറത്തുവച്ചു. അഞ്ചരയോടെ ഓഫീസിലെ ജീവനക്കാരെല്ലാം പോയി.ആറുമണിയോടെ എഡിഎം ഡ്രൈവര്‍ക്കൊപ്പം ഇറങ്ങി, പോകുമ്പോൾ ഡ്രൈവറോട് റെയിൽവേ സ്റ്റേഷനു സമീപത്തെ മുനീശ്വരൻ കോവിലിനരികിൽ ഇറക്കിയാൽ മതിയെന്നാവശ്യപ്പെട്ടു. കാസർകോട്ടുനിന്നുള്ള സുഹൃത്ത് വരാനുണ്ടെന്നും അദ്ദേഹത്തോടൊപ്പം പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലേക്കു പോകുമെന്നും പറഞ്ഞു.  രാത്രി 8.55ന് എത്തുന്ന മലബാർ എക്സ്പ്രസിലാണ് ചെങ്ങന്നൂരിലേക്കു പോകേണ്ടിയിരുന്നത്.

പുലർച്ചെ 5.17ന് ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങേണ്ട നവീൻ ബാബു അവിടെ എത്താതിരുന്നതോടെ എഡിഎമ്മിന്‍റെ കോണ്‍ഫിഡന്‍ഷ്യല്‍   അസിസ്റ്റന്‍റ്  റീനയ്ക്ക് വീട്ടില്‍ നിന്ന് ഫോണ്‍വിളി വന്നു. നവീന്‍ നാട്ടില്‍ എത്തിയില്ലെന്ന് അറിഞ്ഞതോടെ  റീന പലയിടങ്ങളിലും അന്വേഷിച്ചു. ഒടുവില്‍ റെയിൽവേ പൊലീസ് ടിടിഇ വഴി അന്വേഷിച്ചപ്പോൾ നവീൻ ബാബു ട്രെയിനിൽ കയറിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. റീന ഡ്രൈവർ ഷംസുദ്ദീനെ ഈ വിവരം അറിയിച്ചു. ഷംസുദ്ദീൻ എഡിഎമ്മിന്‍റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നിട്ട അവസ്ഥയിലായിരുന്നു,  ഒറ്റക്ക് അകത്തുകയറാന്‍ മടിച്ച് സമീപത്തു താമസിക്കുന്ന മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ വിളിച്ചു, കൂടാതെ കലക്ടറുടെ ഗൺമാനെയും  വിളിച്ചുവരുത്തി,  മൂന്നുപേരും അകത്തുകയറി. കിടപ്പുമുറിയില്‍ തലേ ദിവസം യാത്രയയപ്പ് ചടങ്ങിലിട്ട അതേ വേഷത്തോടെയാണ് എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

naveen-death

പുലർച്ചെ അഞ്ചുമണിയോടെ നവീൻ ബാബു സഹപ്രവർത്തകരിൽ ഒരാൾക്കു മറ്റൊരാളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് വാട്സാപ് സന്ദേശം അയച്ചിരുന്നതായി സൂചനയുണ്ട്. പക്ഷേ, സന്ദേശം ലഭിച്ചയാൾ അതു കണ്ടത് രാവിലെ 6.30ക്കാണ്.  അങ്ങേയറ്റം ആത്മസംഘര്‍ഷം നിറഞ്ഞ സാഹചര്യത്തിലൂടെയാണ് എഡിഎം നവീന്‍ ബാബു കടന്നുപോയതെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ അവസാന മണിക്കൂറുകള്‍. 

Naveen Babu's last hours are clear as to how much the unexpected corruption allegation has shaken the officer's mental state:

Naveen Babu's last hours are clear as to how much the unexpected corruption allegation has shaken the officer's mental state.