നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ത്രികോണ പോരാട്ടത്തിന്‍റെ ആവേശത്തിലേക്ക് പാലക്കാടും കൊട്ടിക്കയറുന്നു. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ മുതിർന്ന നേതാവ് എ കെ ആന്‍റെണി കണ്ട്  അനുഗ്രഹം തേടി കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിലും സി പി എമ്മും ബി ജെ പിയും ബൂത്ത് തലങ്ങളിലടക്കം പ്രചാരണം തുടങ്ങി.

2021 ലെ ഫോട്ടോ ഫിനിഷിങ്ങിൽ 3859 വോട്ടിന് ബി ജെ പി സ്ഥാനാർഥി ഇ ശ്രീധരനെ തോൽപ്പിച്ച ഷാഫി പറമ്പിൽ, കളമൊഴിഞ്ഞ ട്രാക്കിലേക്ക് രാഹുൽ മാങ്കുട്ടത്തിൽ നടന്നു തുടങ്ങുന്നു, ത്രില്ലർ പോരാട്ടത്തിൽ ഓടി കയറാൻ തിരുവനന്തപുരത്ത് വച്ച് എ കെ ആന്‍റണിയുടെ വിജയാശംസ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം നാളെ വൈകിട്ട് 4 മണിക്ക് പാലക്കാട് മോയൻസ് സ്കൂൾ പരിസരത്തു എത്തുന്ന രാഹുലിന് വമ്പിച്ച സ്വീകരണമാണ് യു ഡി എഫ് ഒരുക്കുക

കോൺഗ്രസ് കളം നിറയുമ്പോൾ ബി ജെ പിയും സി പി എമ്മും പുറകോട്ടില്ല. രണ്ടു തവണ രണ്ടാം സ്ഥാനത്ത് എത്തി കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാൻ സി കൃഷ്ണകുമാറോ ശോഭാ സുരേന്ദ്രനോ, പ്രവർത്തകർക്ക് അതിലെ ഇനി തീരുമാനം അറിയാനുള്ളു, ബുത്ത് തലം മുതൽ പ്രവർത്തനത്തിൻ്റെ ഗിയർ മാറി. പി സരിൻ കോൺഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറി സി പി എമ്മിനും പ്രതീക്ഷ നൽകുന്നു, മൂന്നാം സ്ഥാനത്ത് നിന്ന്  ഒന്നാം സ്ഥാനം പിടിക്കാൻ സരിനെ തന്നെ സി പി എം കൂട്ടുപിടിക്കുമോ എന്ന ചർച്ചയ്ക്കും പാലക്കാട് തുടക്കമാവുന്നു. നിലവിൽ കെ ബിനുമോളാണ് സി പി എമ്മിൻ്റെ സജീവ പരിഗണനയിലുള്ളത്. സമുദായ സമവാക്യങ്ങളും നിർണ്ണായകമാവുന്ന പാലക്കാട് പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയുള്ള മുന്നേറ്റങ്ങൾക്കും മുന്നണികൾ കച്ചമുറുക്കുന്നുണ്ട്.

Palakkad byelection cpm bjp congress: