എറണാകുളം അങ്കമാലി ബാറിൽ ഉണ്ടായ അടിപിടിയിൽ യുവാവ് കുത്തേറ്റു മരിച്ചു. കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട അഞ്ചുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 11 മണിക്ക് ശേഷം അങ്കമാലി ടൗണിലെ ഹിൽസ് പാർക്ക് ബാറിലാണ് സംഭവം.
കൊല്ലപ്പെട്ട ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്. കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം എന്നാണ് സൂചന. 10 ദിവസം മുൻപാണ് ആഷിക് ജയിൽ മോചിതനായത്. കൊലയാളി സംഘവുമായി മുൻപുണ്ടായിരുന്ന തർക്കം പറഞ്ഞു തീർക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ആഷിക്കിനെ ബാറിലേക്ക് എത്തിച്ചത്. സംസാരിച്ചു ഇരിക്കുന്നതിനിടെ തർക്കം ഉണ്ടാവുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.
കുത്തേറ്റു വീണ ആഷിക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.ഫോറൻസിക് സംഘവും അങ്കമാലി പോലീസും എത്തി ബാറിൽ പരിശോധന നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.