മൂന്നാം ദിവസം പി പി ദിവ്യയ്ക്കെതിരെ വിരലനക്കി കണ്ണൂര്‍ പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ടൗണ്‍ പൊലീസാണ് കേസെടുത്തത്. പ്രതിചേര്‍ക്കപ്പെട്ടതോടെ ദിവ്യ രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായി. പാര്‍ട്ടി നടപടിക്കും സാധ്യതയേറി.

കതകടച്ചിരിക്കുന്ന പി പി ദിവ്യ ഇനി പൊലീസിന് മുമ്പിലെങ്കിലും മൗനം വെടിയേണ്ടി വരും. എഡിഎമ്മിനെ മാനസിക സംഘര്‍ഷത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് ഇനി കാര്യങ്ങള്‍ എളുപ്പമാകില്ല. അസ്വാഭാവിക മരണമെന്ന നേരത്തെയെടുത്ത എഫ്ഐആറിലേക്കാണ് പി. പി ദിവ്യയെ ഇന്ന് പൊലീസ് പ്രതിചേര്‍ത്തത്. മൃതദേഹം ഏറ്റുവാങ്ങാന്‍ പത്തനംതിട്ടയില്‍ നിന്ന് നവീന്‍ ബാബുവിന്‍റെ ബന്ധുക്കളെത്തിയപ്പോള്‍ നല്‍കിയ പരാതിയിലാണ് ഒടുവില്‍ നടപടി. ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ ദിവ്യ കേസില്‍ പ്രതിയായത്. ഇന്ന് പത്തനംതിട്ടയിലെത്തി കണ്ണൂര്‍ പൊലീസ് ബന്ധുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസ്.  പരാതി കിട്ടിയത് മുതല്‍ അന്വേഷണം നടക്കുന്നുവെന്ന് മാത്രമായിരുന്നു പൊലീസ് മറുപടി. അതിനിടെ ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്തുവന്നു

പാര്‍ട്ടിയ്ക്ക് ന്യായീകരിച്ച് നില്‍ക്കാനാവാത്ത വിഷയമായതിനാല്‍ എന്ത് നടപടിയെടുക്കുമെന്ന ആലോചന സിപിഎമ്മില്‍ തുടങ്ങിയതായാണ് സൂചന. പത്തനംതിട്ട ജില്ലാ കമ്മിറ്റി ദിവ്യയ്ക്കെതിരെ രംഗത്തുവന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയ്ക്കും നടപടി വൈകിക്കാനാവില്ല. 

Kannur ADM Naveen babu found dead case will be filed against PP Divya a charge of abetment of suicide will be filed crucial move by police: