പി.സരിൻ സി.പി.എം കൂടാരത്തിൽ കയറിക്കൂടിയതോടെ മുഖ്യമന്ത്രിക്കെതിരായ പഴയ എഫ്.ബി പോസ്റ്റുകൾ കുത്തിപ്പൊക്കി സൈബർ ലോകം. മുഖ്യമന്ത്രിയെ കൂട്ടബലാൽസംഗ വകുപ്പിന്റെ തലവൻ എന്ന ് വിശേഷിപ്പിച്ചുള്ള പോസ്റ്റുകൾ അടക്കം വൈറലാണ്. അതേസമയം, ഇതിൽ അത്ഭുതമില്ലെന്നും കരിങ്കാലിയെന്ന് വിളിച്ച കരുണാകരനുമായി പിന്നീട് സഹകരിച്ചിട്ടില്ലേയെന്നാണ് എ.കെ.ബാലന്റെ ന്യായീകരണം.
ഡിജിറ്റൽ മീഡിയ കൺവീനർ എന്ന കോൺഗ്രസ് ഏൽപ്പിച്ച പണി സരിൻ വൃത്തിയായി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പല പോസ്റ്റുകളും ഉയർത്തി സോഷ്യൽ മീഡിയ പറയുന്നു. ചില ഉദാഹരണങ്ങൾ. പൊലീസുകാർക്കെതിരെ പീഡനാരോപണം ഉയർന്നപ്പോൾ സരിൻ ഇട്ട പോസ്റ്റ്. പിണറായി വിജയൻ കൂട്ടബലാൽസംഗ വകുപ്പിന്റെ ക്യാപ്റ്റൻ. അൻവറിനെ പുറത്താക്കിയപ്പോൾ, അൻവർ പുറത്ത് പിണറായി വിജയൻ ആർ.എസ്.എസിൽ തുടരുന്നു എന്നായിരുന്നു ട്രോൾ. വയനാട് ദുരിതാശ്വാസ ചെലവ് വിവാദം കത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഓണച്ചെലവ് പുറത്തുവിട്ടു കോൺഗ്രസ് അണികളെ ചിരിപ്പിച്ചു. മുഖ്യമന്ത്രി വാങ്ങിയ വാഴയിലയ്ക്ക് 2000 രൂപയും പപ്പടത്തിന് 5000 രൂപയുമാണ് സരിൻ ഇട്ട വില. താളവട്ടത്തിലെ സീനിൽ മുഖ്യമന്ത്രിയെ ഒട്ടിച്ച് ഇട്ട പോസ്റ്റും ഇപ്പോൾ വൈറലാണ്.
അതേസമയം, കരുണാകരനെയും ആന്റണിയെയും കൂട്ടുപിടിച്ച് ഒരു അമ്മാവനെ പോലെ എല്ലാം സരിന്റെ കുട്ടിക്കുറുമ്പായി കണ്ട് പൊറുക്കുകയാണ് എ.കെ.ബാലൻ. മുഖ്യമന്ത്രിയെ ഇത്രയും മോശമായ രീതിയിൽ ചിത്രീകരിച്ച ഒരാൾക്ക് വേണ്ടി പോസ്റ്റർ ഒട്ടിക്കാൻ പോകേണ്ട സഖാക്കളുടെ ഗതികേടും സൈബർ ലോകം ചർച്ച ചെയ്യുന്നുണ്ട്. ഇതോടെ മുഖ്യമന്ത്രിയെ കാണുന്നതിന് മുൻപ് പോസ്റ്റുകൾ മുക്കുന്ന തിരക്കിലാണ് സരിൻ. സ്ക്രീൻഷോട്ടുകളുടെ കാലത്ത് പോസ്റ്റ് മുക്കിയിട്ട് എന്ത് കാര്യം. സ്ക്രീൻഷോട്ട് പോസ്റ്ററാകുമോയെന്ന ആശങ്കയിലാണ് സഖാക്കൾ.