divya-case

എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി.ദിവ്യ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കലക്ടര്‍ ക്ഷണിച്ചതനുസരിച്ചാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത്. പ്രസംഗം സദുദ്ദേശ്യപരമായിരുന്നു. ആരെയും ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ വ്യക്തമാക്കി. പ്രായമായ മാതാപിതാക്കളുണ്ട്, ജാമ്യം നല്‍കണമെന്നും ആവശ്യം.

 

അതേസമയം, എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പെട്രോള്‍ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട രേഖകളും ശേഖരിച്ചു. കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കോടേരിയാണ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയത്.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ കണ്ണൂർ ജില്ലാ കലക്ടർക്കും കുരുക്ക്. വിളിക്കാത്ത ചടങ്ങിൽ കയറിവന്ന പി.പി.ദിവ്യയെ തടയാൻ ശ്രമിച്ചില്ലെന്നതാണ് കലക്ടർ  അരുൺ കെ വിജയനെ പ്രതിക്കൂട്ടിൽ ആക്കുന്നത്. കലക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാക്കളും രംഗത്തുവന്നു. യാത്രയയപ്പ് വേണ്ടെന്ന് നവീൻ ബാബു പറഞ്ഞിട്ടും കലക്ടർ നിർബന്ധിച്ചാണ് പരിപാടി നടത്തിയതെന്നും ഇതുവഴി ദിവ്യയ്ക്ക് ആക്ഷേപം ഉന്നയിക്കാൻ അവസരം ഒരുക്കിയെന്നുമാണ്  സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ ആരോപിച്ചത്. ഇതിനു മുൻപ് മറ്റൊരു ചടങ്ങിൽ ദിവ്യയും കലക്ടറും പങ്കെടുക്കുകയും ഇരുവരും ദീർഘനേരം സംസാരിച്ചിക്കുകയും ചെയ്തിതിരുന്നു. ഗൂഢാലോചനയിൽ കലക്ടർക്ക് പങ്കുണ്ടെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആരോപിച്ചു. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രിയും വ്യക്തമാക്കി

ഇതിനിടെ  നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി  കലക്ടര്‍ അരുണ്‍ കെ വിജയന്‍ കുടുംബത്തിന് നല്‍കിയ കത്തും പുറത്തുവന്നു.  ചുറ്റും ഇരുട്ടുമാത്രമാണ്. നവീന്‍റെ മരണത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല. ഇന്നലെവരെ തന്‍റെ തോളോടുചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍.  സഹാനുഭൂതി കൈമുതലായുള്ള ഉദ്യോഗസ്ഥന്‍ .  എന്തും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന സഹപ്രവര്‍ത്തകനായിരുന്നു നവീനെന്നും അരുണ്‍ കെ. വിജയന്‍ കത്തില്‍ പറയുന്നു.  വീണ്ടുമൊരിക്കല്‍ വീട്ടിലെത്താമെന്ന് അറിയിച്ച്  കലക്ടര്‍ എഴുതിയ കത്ത് പത്തനംതിട്ട സബ് കലക്ടര്‍ വഴി  നവീന്‍ ബാബുവിന്‍റെ  കുടുംബത്തിന് കൈമാറി .

കലക്ടര്‍ക്കെതിരെ പരാതി നല്‍കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നാണ് എ.ഡി.എമ്മിന്‍റെ കുടുംബം പറയുന്നത്. ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞത്  ആശ്വാസകരമെന്നും നവീൻ ബാബുവിന്‍റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. കുടുംബവുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ്  സി.പി.എം പത്തനംതിട്ട  ജില്ലാക്കമ്മിറ്റിയുടെ നിലപാട്. സംഭവത്തില്‍ ദിവ്യയ്ക്കെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാന കമ്മിറ്റി ഇടപെടണമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യവും, പാർട്ടി -പൊലീസ് നടപടികൾ തുടരുമെന്ന എകെ ബാലന്‍റെ പ്രസ്താവനയും ദിവ്യയെ  ഇനി സംരക്ഷിക്കാനില്ലന്നതിന്‍റെ  വ്യക്തമായ സൂചനയാണ്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Following the death of ADM Naveen Babu, P.P. Divya has filed an anticipatory bail application. The application was submitted to the Principal Sessions Court in Thalassery. The plea states that the Collector was the one who invited him to the farewell event.