wayanad-landslide

വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് അധിക ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ. നിലവിൽ വാർഷിക ദുരിതാശ്വാസ വിഹിതത്തിൽ നിന്നുള്ള 782 കോടി രൂപ സംസ്ഥാനത്തിന്റെ പക്കലുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഈ തുക വയനാട്ടിലെ ദുരിതാശ്വാസ നടപടികൾക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. 

 

മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചതുപോലെ അധിക ധനസഹായം കേരളത്തിന് അനുവദിച്ചില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇക്കാര്യം കാര്യം പരിഗണിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. ഈ വർഷം സംസ്ഥാനത്തെ ദുരന്ത നിവാരണ ഫണ്ടിലേക്ക് അനുവദിച്ചിരിക്കുന്നത് 388 കോടി രൂപയാണ്. ഇതിൽ 291 കോടി കേന്ദ്രവും ബാക്കി സംസ്ഥാന സർക്കാരും വഹിക്കണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ഗഡുക്കളായി 145 കോടി രൂപ വീതം കേന്ദ്ര വിഹിതം നേരത്തെ അനുവദിച്ചു. ഇതിനുപുറമെ കഴിഞ്ഞ  സാമ്പത്തിക വർഷം സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ 394 കോടി രൂപ ബാക്കിയുണ്ട്. ഇതുൾപ്പെടെ 782.99 കോടി രൂപ ഇപ്പോൾ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ ഉണ്ടെന്നാണ് കേന്ദ്രം അറിയിച്ചത്. 

എന്നാൽ വയനാട് ഉരുള്‍പൊട്ടൽ മാത്രമല്ല, വേറെയും ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്നും ഇതിനെല്ലാം കൂടി ഉള്ള വാർഷിക വിഹിതമാണ് ഇപ്പോഴുള്ളതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ഈ തുക വയനാട്ടിലെ ദുരിതാശ്വാസ നടപടികൾക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും കോടതി നിർദശിച്ചിട്ടുണ്ട്. പുനരധിവാസം നടത്തേണ്ട മേഖലകളിൽ ഓരോ സ്ഥലത്തും എന്താണ് അനുയോജ്യമായത് എന്നു തീരുമാനിക്കാനുള്ള പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തുടർന്ന് ഇത് വയനാട്ടിലെ സംസ്ഥാനത്തെ എല്ലാ ഹിൽ സ്റ്റേഷനുകളിലും നടത്താനും കോടതി നിർദേശിച്ചു.

Landslide disaster center in high court toconsider special assistance to Wayanad: