estate-highcourt

മുണ്ടക്കൈ ചൂരല്‍മല  ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ. ടൗൺഷിപ്പ് നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെതിരെയാണ് ഹർജികൾ. വിഷയത്തിൽ ഒരാഴ്ചയ്ക്കകം നിലപാടറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.

വയനാട് മുണ്ടക്കൈ–ചൂരമൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പ് നിർമിക്കുന്നതിന് രണ്ട് എസ്റ്റേറ്റുകളിൽ നിന്നായി സ്ഥലം ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. ഹാരിസൺ മലയാളത്തിൻ്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും, കൽപ്പറ്റ എല്‍സ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയും ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഇതിനെതിരെയാണ് എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പല തവണ തങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കോടതികൾ തടയുകയായിരുന്നു എന്ന് ഹാരിസൺ ഹർജിയിൽ പറയുന്നു. ഉരുൾപൊട്ടലിൽ തങ്ങൾക്കും 13 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങൾക്കാണ് എന്നിരിക്കെയാണ് നഷ്ടപരിഹാരം നൽകാതെയുള്ള തീരുമാനമെന്നും ഇത് തടയണമെന്നും ഹാരിസൺ ആവശ്യപ്പെട്ടു. 

ഭൂമി ഏറ്റെടുക്കുന്നുണ്ടെങ്കിൽ അത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകിക്കൊണ്ടാവണമെന്ന് എൽസ്റ്റണും ആവശ്യപ്പെട്ടു. എന്നാൽ ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരാണ് എസ്റ്റേറ്റ് ഭൂമിയുടെ ഉടമയെന്നും, പാട്ടക്കരാർ കാലാവധി പൂർത്തിയായതും അല്ലാത്തതുമെല്ലാം ഏറ്റെടുക്കാൻ അധികാരമുണ്ടെന്നും സർക്കാർ വാദിച്ചു.

തുടർന്ന് ഹർജികള്‍ ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു. ഈ സമയത്ത് ഏറ്റെടുക്കൽ നടപടികൾ ഉണ്ടാവില്ലെന്ന് സർക്കാർ  അറിയിച്ചിട്ടുണ്ട്. കേസ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് നവംബർ നാലിന് വീണ്ടും പരിഗണിക്കും.

Estate owners in High Court against acquisition of land for rehabilitation of Mundakai Churalmala landslide victims.: