എഡിഎം നവീൻ ബാബുവിനെതിരെ പരസ്യ അധിക്ഷേപം നടത്തിയ പി.പി.ദിവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. ജാമ്യമില്ലാവകുപ്പായതിനാല്‍ വൈകാതെ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് ദിവ്യയുടെ നീക്കം. 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

അധ്യക്ഷ പദവിയില്‍ നിന്ന് പുറത്ത്

എഡിഎം നവീൻ ബാബുവിനെതിരെ പരസ്യ അധിക്ഷേപം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അധ്യക്ഷ പദവിയില്‍ നിന്ന് പുറത്താക്കി സിപിഎം. . ഗത്യന്തരമില്ലാതെ പാര്‍ട്ടി നടപടിയെടുത്തത് നവീന്‍ ബാബുവിന്റെ സംസ്കാരം നടന്ന ദിവസം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ദിവ്യയ്ക്ക് പകരം കെ.കെ.രത്നകുമാരിയെ നിശ്ചയിച്ചു. പാർട്ടി തള്ളി പറഞ്ഞപ്പോഴും ദിവ്യ തന്റേത് ഉദ്ദേശ്യശുദ്ധിയാണെന്ന നിലപാടിൽ ഉറച്ചു നിന്നു. 

Read Also: പാര്‍ട്ടി നിലപാട് ശരിവയ്ക്കുന്നു; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും: ദിവ്യ

പൊട്ടുന്നനെ രാത്രിയിൽ അടിയന്തരമായി എടുത്ത സി പി എം തീരുമാനം. പി.പി. ദിവ്യയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടി.. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലിസ് കേസെടുത്തതിന് പിന്നാലെയാണ്  സംരക്ഷണം പാർട്ടി വേണ്ടെന്ന് വെച്ചത്. ഇതിന് പിന്നാലെ മൗനിയായിരുന്ന ദിവ്യ പ്രസ്താവന പുറത്തിറക്കി. തന്റേത് അഴിമതിക്ക് എതിരായ സദുദ്ദേശ്യ വിമർശനമായിരുന്നുവെന്ന് ന്യായീകരണം. നിരപരാധിത്വം നിയമ വഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ . അതേ സമയം, ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന പാർട്ടി നിലപാട് ദിവ്യയും അംഗീകരിക്കുന്നുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ ദുഖമുണ്ടെന്നും ദിവ്യ വ്യക്തമാക്കി. പി പി ദിവ്യ തന്റെ പിഴവ് മനസിലാക്കിയത് കൊണ്ടാണ് രാജി വെച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി മനോരമ ന്യൂസിനോട് പറഞ്ഞു.

അധികാര സ്ഥാനത്ത് നിന്ന് നിൽക്കക്കള്ളിയില്ലാതായതോടെയാണ് ദിവ്യയെ പാർട്ടി നീക്കിയത്. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് ദിവ്യക്കെതിരെ ഉയർന്നിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കർക്കശ നിലപാടും കടുത്ത നടപടിക്ക് പാർട്ടിയെ പ്രേരിപ്പിച്ചിട്ടുണ്ട്. അതേസമയം, സംഘടനാ തലത്തിൽ ദിവ്യയെ cpm തൊട്ടില്ല. ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ് ദിവ്യ. പാർട്ടിക്ക് തെറ്റ് ബോധ്യപ്പെട്ടതിനാൽ സംഘടനാ തലത്തിലും നടപടി ഉറപ്പായി. 

ENGLISH SUMMARY:

Kannur ADM's death: CPM removes District Panchayat President PP Divya