നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്ത കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പി.വി. അൻവർ എം.എൽ.എ ഇനി ജയിലില്‍. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തെ തവനൂര്‍ സെന്‍ഡ്രല്‍ ജയിലിലേക്ക് മാറ്റിയത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അന്‍വര്‍ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പി.വി.അൻവറിന്റെ ഒതായിയിലെ വീട്ടില്‍ നിന്നുമാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്ന് പി.വി.അന്‍വർ മാധ്യമങ്ങളോട് പറഞ്ഞു.
വീരപ്പനെയും ദാവൂദ് ഇബ്രാഹിമിനെയും അറസ്റ്റുചെയ്യുന്നതു പോലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തന്നെ അറസ്റ്റ് ചെയ്തത്. പിണറായി വിജയനെതിരെ സംസാരിക്കുന്നവർക്കുള്ള ഭീഷണിയാണിതെന്നും പി.വി.അൻവർ പറഞ്ഞു. ണ്ടുമാസം താൻ ജയിലിൽ കിടന്നാലെങ്കിലും വന്യജീവി ആക്രമണത്തിനെതിരെ സർക്കാർ നടപടിയെടുക്കുമോയെന്ന് പി.വി.അൻവർ, അങ്ങനെയെങ്കിലും മലയോര മേഖലയിലെ മനുഷ്യർക്ക് ആശ്വാസം കിട്ടുമെങ്കിൽ കിട്ടട്ടെ. മുഖ്യമന്ത്രിയുടെ മുസ്‌ലിം വിരുദ്ധതയുടെ ഏറ്റവും അവസാനത്തെ തെളിവാണ് തന്റെ അറസ്റ്റെന്നും ആർഎസ്എസ് ആഗ്രഹിക്കുന്നതെന്താണോ അത് നടത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്നും അൻവര്‍ ആരോപിച്ചു.
അതിനിടെ അന്‍വറിന്റെ അറസ്റ്റിനെതിരെ വിവിധ നേതാക്കള്‍ രംഗത്തെതി. രാഷ്ട്രീയപ്രേരിതമായി പൊലീസിനെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും പൊലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്യേണ്ട എന്ത് സാഹചര്യമെന്നും ചെന്നിത്തല ചോദിച്ചു. നിയമം ഏകപക്ഷീയമായിട്ടാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പി.ഡി.പി.പി ആക്ട് പ്രകാരം പ്രതികളായവര്‍ ക്യാബിനറ്റിലുണ്ടായിട്ടും നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി.അന്‍വറിനോട് സര്‍ക്കാര്‍ ചെയ്തത് അസാധാരണ നടപടിയെന്ന് ലീഗ് കുറ്റപ്പെടുത്തി.