വാസയോഗ്യമെന്ന് ജോണ്‍ മത്തായി കമ്മിറ്റി പറ‍ഞ്ഞ ചൂരല്‍മല പടവെട്ടിക്കുന്നിലെ ജനങ്ങള്‍ കടുത്ത ആശങ്കയില്‍. ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട നാട്ടില്‍ ജീവിക്കാനാകില്ലെന്നാണ് ജനങ്ങളുടെ പക്ഷം.

ആശങ്കക്കിടയിലും പ്രദേശത്തേക്ക് കോടികള്‍ ചെലവഴിച്ച് റോഡ് നിര്‍മിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.. 

ചൂരല്‍മലക്കും മുണ്ടക്കൈക്കും സമീപമാണ് പടവെട്ടിക്കുന്ന് എന്ന ഈ നാട്. നാട്ടിലേക്കെത്താന്‍ സ്കൂള്‍ റോ‍ഡും പിന്നെ പുത്തുമലയില്‍ നിന്നും കാട്ടിലൂടെയുള്ള പാതയും മാത്രമാണ് ആശ്രയം. പൊട്ടിയൊലിച്ച് വന്ന ഉരുള്‍ വഴി മാറിയത് കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ് ഈ നാടും ഇവിടുത്തെ നാട്ടുക്കാരും. അവിടെയാണ് സുരക്ഷിതമാണ്, വാസയോഗ്യമാണ് എന്ന് ഭൗമ ശാസ്ത്രഞ്ജന്‍ ജോണ്‍ മത്തായി റിപ്പോര്‍ട്ട് ചെയ്തത്..

37 കുടുംബങ്ങളാണ് പടവെട്ടിക്കുന്നിലുള്ളത്. തകര്‍ന്ന് പോയ സ്കൂള്‍ റോഡ് കോടികള്‍ മുടക്കി പുനര്‍ നിര്‍മിച്ച് നാട്ടുക്കാരെ അവിടെ തന്നെ താമസിപ്പിക്കാനാണ് നീക്കം. റോഡ് നിര്‍മാണത്തിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. വീണ്ടും ഉരുള്‍പ്പൊട്ടാന്‍ സാധ്യതയുള്ള മേഖലയില്‍ ഭീതിയോടെ കഴിയാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് പ്രദേശവാസികള്‍ക്ക് പറയാനുള്ളത്

നേരത്തെ വാസയോഗ്യമല്ലെന്ന് പറഞ്ഞ ഭാഗം പിന്നീട് വാസയോഗ്യമെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും പുനരധിവാസത്തില്‍ തങ്ങളേയും ഭാഗമാക്കണമെന്നുമാണ് ന്യായമായ ആവശ്യം.അതിനിടെ പ്രദേശത്ത് വന്യ ജീവി ആക്രമണവും രൂക്ഷമായിട്ടുണ്ട്. നേരത്തെ ഉരുള്‍പൊട്ടിയതിന്‍റെ അവശിഷ്ടങ്ങള്‍ തലക്കു മുകളിലുണ്ട്. അധികൃതര്‍ തങ്ങളുടെ ആശങ്ക മനസ്സിലാക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം..

The people of Churalmala Padavettikun, which the John Mathai Committee has said is suitable for habitation, are deeply worried.: