നിയമം ലംഘിച്ച് വണ്ടി ഓടിക്കുന്നവര്‍ ഇനി ‘എഐ’ ക്യാമറയെ മാത്രം പേടിച്ചാല്‍ പോര. കാഴ്ചക്കാരുടെ കയ്യിലെ മൊബൈല്‍ ഫോണും പണി തരുമെന്നോര്‍ക്കുക. നിയമലംഘനങ്ങള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള മൊബൈല്‍ ആപ്പ് ഗതാഗത വകുപ്പ് പുറത്തിറക്കി.
ഇങ്ങനെ മൊബൈല്‍ഫോണ്‍ വഴി ഏതൊരാള്‍ക്കും നിയമലംഘനങ്ങള്‍ നേരിട്ട് അധികാരികളിലേക്ക് എത്തിക്കാം.
എം പരിവാഹന്‍ ആപ്പിലാണ് പുതിയ സംവിധാനം ഗതാഗതവകുപ്പ് ഒരുക്കിയത്. ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കല്‍. അനധികൃത പാര്‍ക്കിങ്, അമിത വേഗത എന്നിങ്ങനെ എന്ത് കണ്ടാലും പകര്‍ത്തി ദൃശ്യങ്ങള്‍ അയച്ചാല്‍ പണിയുറപ്പ്. തുടക്കമാണ് പിഴവുകളുണ്ടാകാമെന്നും ആപ്പ് ഉദ്ഘാടനം ചെയ്ത ഗതാഗത മന്ത്രിയുടെ മുന്‍കൂര്‍ ജാമ്യം.
പരിവാഹന്‍ ആപ്പിലെ സിറ്റിസണ്‍ സെന്‍റിനല്‍ എന്ന ഫീച്ചറിലെ 'റിപ്പോര്‍ട്ട് ട്രാഫിക് വയലേഷന്‍' എന്ന ഓപ്ഷന്‍ വഴിയാണ് പരാതികള്‍ അറിയിക്കേണ്ടത്. ഒറ്റകാര്യം പ്രത്യേകം ശ്രദ്ധിക്കണം. വാഹനത്തിന്‍റെ നമ്പര്‍ കൃത്യമായി കാണുംവിധമാകണം ചിത്രങ്ങള്‍. പൊതുജനപങ്കാളിത്തതോടെ റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് ഗതാഗതവകുപ്പിന്‍റെ ലക്ഷ്യം.