ചരക്കു വാഹനങ്ങളിൽ യാത്ര ചെയ്താൽ പൊലീസിന്റെ പിടിവീഴും. തൊഴിലാളികളുമായി സഞ്ചരിച്ച രണ്ട് പിക്കപ്പ് വാഹനങ്ങൾ പിടിച്ചെടുത്ത ഒറ്റപ്പാലം പൊലീസ് ഇരു ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തു. തുടർച്ചയായ അപകടങ്ങളുടെ സാഹചര്യത്തിലാണ് ഒറ്റപ്പാലത്തു പരിശോധനയും കർശന നടപടിയും. മുരുക്കുംപറ്റ ഭാഗത്തു നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തത്.
കാബിനിലും ഗുഡ്സ് കയറ്റുന്ന ഭാഗത്തുമായി തൊഴിലാളികളെ കൊണ്ടു പോയിരുന്ന പിക്കപ്പ് വാഹനങ്ങളാണു കസ്റ്റഡിയിൽ. അറസ്റ്റിലായ ഡ്രൈവർമാരെ പിന്നീടു ജാമ്യത്തിൽ വിട്ടു. ഇത്തരം വാഹനങ്ങളുടെ ഉടമകളിൽ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കുമെന്നു പൊലീസ് അറിയിച്ചു. ഇതിനു പുറമെ നമ്പർ പ്ലേറ്റ് ഇല്ലാതെയും മറച്ച നിലയിലും ഓടിയ ചില വാഹനങ്ങളും ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇൻസ്പെക്ടർ എ.അജീഷിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.