ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകളെടുക്കാന്‍ പുതിയ മൊഴികള്‍ ലഭിക്കാതെ അന്വേഷണസംഘം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ ദുരനുഭവം വെളിപ്പെടുത്തിയ ഭൂരിഭാഗം പേര്‍ക്കും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അന്വേഷണസംഘം. ഇതോടെ പുതിയ കേസുകള്‍ക്ക് ശ്രമിക്കാതെ നിലവിലെടുത്ത കേസുകളില്‍ കുറ്റപത്രം നല്‍കാനുള്ള നടപടിയിലേക്ക് കടക്കുകയാണ് അന്വേഷണസംഘം.
മലയാള സിനിമ ലോകത്തെ വിറപ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ഇന്ന് രണ്ട് മാസമായി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍റെ കസേരയില്‍ നിന്ന് തെറിച്ച രഞ്ജിത്ത്, അമ്മയുടെ തലപ്പത്ത് നിന്ന് ഒളിവിടത്തിലേക്ക് മുങ്ങിയ സിദ്ദിഖ്, പ്രതിയുടെ റോളില്‍ സ്റ്റേഷനുകള്‍ കയറിയിറങ്ങുന്ന ജയസൂര്യയും മുകേഷും ഇടവേളബാബുവും കൂട്ടത്തോടെ രാജിവച്ചോടി അമ്മ സംഘടന..
അങ്ങനെ സിനിമയെ വെല്ലുന്ന സസ്പെന്‍സുകളാണ് റിപ്പോര്‍ട്ടിന് ശേഷം കേരളക്കര കണ്ടത്. എന്നാല്‍ പരാതികളുടെ പ്രളയം ഏതാണ്ട് അവസാനിച്ച മട്ടാണ്. 29 കേസുകളാണ് ഇതുവരെയെടുത്തത്. ഇതില്‍ ഒരു കേസ് മാത്രമാണ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ളത്. ബാക്കിയെല്ലാം പുതിയ പരാതികളിലെടുത്തതാണ്.
അന്‍പതിലധികം പേര്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അവരാരും പൊലീസിന് പരാതി നല്‍കാനോ കേസുമായി മുന്നോട്ട് പോകാനോ തയാറല്ല. കഴിഞ്ഞ ഒരാഴ്ചയായി ഒരു പുതിയ കേസുപോലും എടുത്തില്ല. ഇനി പുതിയ കേസുകളുണ്ടാകാനുള്ള സാധ്യത കുറവെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. അതിനാല്‍ നിലവിലെടുത്ത കേസുകളുടെ അന്വേഷണത്തിലാവും ഇനി ശ്രദ്ധമുഴുവന്‍. ഭൂരിഭാഗം കേസുകളിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. പരമാവധി തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയാണ് ഇനി മുന്നിലുള്ള അന്വേഷണവഴി.