breakthrough-in-the-case-of

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തളിപ്പാത്രം കാണാതായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. പാത്രം കൈവശപ്പെടുത്തിയതിന് കസ്റ്റഡിയിലായ ഒാസ്ട്രേലിയന്‍ പൗരന്‍ ഗണേഷ് ഝായ്ക്ക്  മോഷണത്തിന് ഉദ്ദേശമില്ലായിരുന്നുവെന്ന് പൊലീസ്. പൂജാ സാധനങ്ങള്‍ താഴെ വീണപ്പോള്‍ മറ്റൊരാള്‍ പാത്രത്തില്‍ എടുത്തു നല്കിയെന്ന മൊഴി ശരിവച്ച പൊലീസ് ഇയാള്‍ക്കെതിരെ മോഷണത്തിന് കേസെടുക്കില്ല.

 

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയില്‍ നിന്ന് തളിപ്പാത്രം നഷ്ടപ്പെട്ട സംഭവത്തിലാണ് നാടകീയ വഴിത്തിരിവ്.  കഴിഞ്ഞ 13ന് രാവിലെ 8.30 ഒാടെയാണ് സംഭവങ്ങളുടെ തുടക്കം. പാത്രം നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാത്രവുമായി പോകുന്ന ബിഹാര്‍ സ്വദേശിയും ഒാസ്ട്രേലിയന്‍ പൗരനുമായ ഗണേഷ് ഝായെ സിസിടിവി ദൃശ്യത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. ഫോണ്‍ ട്രാക്ക് ചെയ്ത് ഹരിയാനയിെല ഗുഡ്ഗാവില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഗണേഷിനേയും ഭാര്യയേയും സുഹൃത്തിനേയും വിമാന മാര്‍ഗം കേരളത്തിലെത്തിക്കുകയായിരുന്നു. 

ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ പൂജാ സാധനങ്ങള്‍ താഴെ വീണപ്പോള്‍ ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റൊരാള്‍ എടുത്തു നല്കിയെന്നും നല്കിയത് നിലത്തിരുന്ന ഈ പാത്രത്തിലായിരുന്നുവെന്നുമാണ് മൊഴി. ആരും തടയാത്തതിനാല്‍ പാത്രവുമായി പുറത്തേയ്ക്ക് പോയി. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പാത്രം അമൂല്യവും ഐശ്വര്യം നല്കുന്നതുമായി  കരുതി സൂക്ഷിച്ചെന്നുമുളള  മൊഴി ശരിയാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ക്ഷേത്ര ജീവനക്കാര്‍ ആരും പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും ഇവര്‍ മൊഴി നല്‍കി. രാമേശ്വരത്ത് ദര്‍ശനത്തിനായി പണം വാങ്ങിച്ച്  കബളിപ്പിച്ചുവെന്നും മൊഴിയിലുണ്ട്. 

ENGLISH SUMMARY:

A major breakthrough in the case of the disappearance of the thalipotra of Sripadmanabha Swamy temple