Image Credit; Facebook

കോണ്‍ഗ്രസ് വിട്ട സരിൻ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പശ്ചാത്തലത്തില്‍ നേരിടുന്ന സൈബർ ബുള്ളിയിങ്ങില്‍ പ്രതികരണവുമായി സരിന്‍റെ ഭാര്യ ഡോ. സൗമ്യ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലിട്ട കുറിപ്പിന്‍റെ വിശദീകരണവുമായാണ് ഡോ. സൗമ്യ ലൈവിലെത്തിയത്. തന്നെ സംബന്ധിച്ചിടത്തളം സൈബർ ബുള്ളിയിങ് പുത്തരിയല്ലെന്നും ഇക്കാര്യത്തില്‍ ഇരവാദം ഉന്നയിക്കില്ലെന്നും അവര്‍ പറഞ്ഞു. മൂന്നുനാലു ദിവസം മുൻപു വരെ താൻ നേരിട്ടത് ഇടതുപക്ഷത്തു നിന്നുള്ള സൈബർ ബുള്ളിയിങ്ങായിരുന്നുവെങ്കില്‍ ഇപ്പോൾ വലതുപക്ഷത്തുനിന്നുള്ള സൈബർ ബുള്ളിയിങ്ങാണ് അനുഭവിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. 

'എന്റെ ജീവിതപങ്കാളിയാണ് ഡോ. പി. സരിൻ. അതുകൊണ്ടുതന്നെ രാഷ്ട്രീയവുമായി ബന്ധമില്ലെങ്കിലും ഞാനും ഇതിന്റെ ഭാഗമായി വരുകയായിരുന്നു. ഇതുസംബന്ധിച്ച് സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചപ്പോള്‍ ഞാൻ ഇരവാദം ഉന്നയിക്കുകയാണെന്നായിരുന്നു ആക്ഷേപം. അതിനൊരു ക്ലാരിറ്റി വരുത്തുകയാണ്. 

സൈബർ ബുള്ളിയിങ് വന്നതു കൊണ്ട് ഞാൻ സങ്കടപ്പെടുകയോ കരയുകയോ ചെയ്യില്ല. ‘ഇര’എന്ന വാക്കുപയോഗിക്കുന്നത് നിസ്സഹായതയുടെ പ്രതീകമായാണ്. മൂന്നുനാലു ദിവസം മുൻപു വരെ ഞാൻ നേരിട്ടത് ഇടതുപക്ഷത്തു നിന്നുള്ള സൈബർ ബുള്ളിയിങ്ങായിരുന്നുവെങ്കില്‍ ഇപ്പോൾ വലതുപക്ഷത്തുനിന്നുള്ള സൈബർ ബുള്ളിയിങ്ങാണ് അനുഭവിക്കുന്നത്. 

കുറച്ചു ദിവസം മുൻപുവരെ എനിക്ക് സൈബര്‍ ലോകത്ത് ‘യുഡിസി കുമാരി’ എന്ന ഇരട്ടപ്പേരുണ്ടായിരുന്നു. ഇടത് സൈബർ പോരാളികൾ എന്നെ വിളിച്ചിരുന്ന പേരാണത്. എന്റെ സൗഹൃദവലയത്തില്‍ എല്ലാപാർട്ടിയിലുമുള്ളവരുണ്ട്. പാര്‍ട്ടിയുടെ കൊടിയുടെ നിറത്തിന്റെ പേരിലല്ല എന്നെ അവർ കാണുന്നത്. ഇത്തരം സൈബർ ട്രോളുകൾ വരുമ്പോൾ ഞാനെന്റെ ഇടതുസുഹൃത്തുക്കൾക്കൊപ്പം കണ്ടിരുന്ന് ചിരിക്കാറുണ്ട്. ‍അതുകൊണ്ടു തന്നെ ഈ ഇരവാദം എന്റെമേൽ ചാരരുത്. എന്റെ കമന്റ് ബോക്സ് ഞാൻ ഓഫ് ചെയ്യാറില്ല. പിന്നെ എന്തുകൊണ്ട് ഞാൻ ആ പോസ്റ്റിട്ടു എന്നതിനുള്ള വിശദീകരണമാണ്. 

വളകാപ്പിന്റെ നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിന്റെ വിഡിയോ ഞാൻ പങ്കുവച്ചു. ആ പോസ്റ്റിനു താഴെയാണ് സഭ്യമല്ലാത്ത കമന്റുക വന്നത്. അതിനു മറുപടിയായാണ് പോസ്റ്റിട്ടത്. സരിനും ഞാനും  2009 മുതൽ ജീവിത പങ്കാളികളാണ്. ഞങ്ങൾ രണ്ടുപേർക്കും സ്വകാര്യ ജീവിതം എന്നതു പോലെ രണ്ടുരീതിയിൽ പൊതുജീവിതവും ഉണ്ട്. ഞങ്ങളുടെ വീട്, കുടുംബം, മകൾ ഇതെല്ലാം ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. രണ്ടാമത്തേത് സൊസൈറ്റി ഉൾപ്പെടുന്ന കാര്യമാണ്. 

സരിന്റെ വഴി രാഷ്ട്രീയമാണ്. ഒരു ഡോക്ടറെന്ന നിലയിൽ എന്റെ വഴി വേറെയും. ഡോക്ടർ സൗമ്യ സരിൻ എന്നൊരു വാല് എനിക്കുണ്ടെങ്കിലും അവിടെ ഞാൻ ഡോക്ടർ സൗമ്യയും അദ്ദേഹം ഡോക്ടർ സരിനുമാണ്. സരിന്റെ ശരികൾ ചിലപ്പോൾ എനിക്ക് തെറ്റായി തോന്നാം. തിരിച്ച് എന്റെ ശരികൾ സരിനു തെറ്റായി തോന്നിയേക്കാം. സരിന്റെ തീരുമാനങ്ങൾ സരിന്റേതും എന്റെ തീരുമാനങ്ങൾ എന്റേതുമാണ്. ആ തീരുമാനവുമായി മുന്നോട്ടു പോകുക എന്നതാണ് ഞങ്ങൾ തമ്മിലുള്ള ഡീൽ. 

എന്റെ ജീവിത പങ്കാളി എടുത്ത ഒരു തീരുമാനം അത് ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കട്ടെ. ഞങ്ങളിൽ ഒരാൾ ഒരു തീരുമാനം എടുത്താൽ അതിനൊപ്പം നിൽക്കുക എന്നതാണ് ഞങ്ങളുടെ രീതി. ഞാൻ ചികിത്സിക്കുന്ന ഒരുകുട്ടിയുടെ കാര്യത്തിൽ ഒരു പരിധിവിട്ട് സരിന് അഭിപ്രായം പറയാൻ സാധിക്കില്ല. കാരണം, സരിൻ എന്റെ മേഖലയിൽ എക്സ്പേർട്ട് അല്ല. സരിൻ ഈ തീരുമാനം എടുക്കുമ്പോഴും എന്റെ അഭിപ്രായം ഞാൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, അവസാനത്തെ തീരുമാനം സരിന്റെതാണ്. എന്റെ ഭർത്താവിനടക്കം ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാവർക്കും വിജയാശംസകൾ നേരുന്നു'. – ഡോ. സൗമ്യ  വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Dr Soumya Sarin with live video about Cyber ​​bullying