Image Credit; Facebook

പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുകയാണ്. വലത് മാറി ഇടത് പാളയത്തിലെത്തി, പഴയ സഹപ്രവർത്തകൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ഡോ പി സരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഇടത് സൈബർ ​ഗ്രൂപ്പുകൾ. ഇന്നലെ വരെ രാഷ്ട്രീയ എതിരാളിയായിരുന്ന ആളെ എൽഡിഎഫ് നേതൃത്വം സ്ഥാനാർഥിയാക്കിയപ്പോൾ സൈബർ ​ഗ്രൂപ്പുകളിൽ ആദ്യം മുറുമുറുപ്പ് ഉയർന്നിരുന്നുവെങ്കിലും, ഇപ്പോൾ കൈമെയ് മറന്ന് സരിനായി പോസ്റ്റിടുന്ന തിരക്കിലാണ് സൈബർ സഖാക്കൾ.

'ചെങ്കൊടിയുടെ കാവൽക്കാർ' എന്ന പേരിലുള്ള ഇടത് സൈബര് ​ഗ്രൂപ്പിൽ ഇന്ന് വന്ന വിഡിയോ ഏറെ കൗതുകകരമാണ്. പാലക്കാട്ടെ പ്രചാരണത്തിനിടെ, തിടുക്കത്തിൽ നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന സരിന്റെ വിഡിയോയാണ് വൈറലാകുന്നത്. ഇത് വൈറലാകാൻ കാരണം മറ്റൊന്നുമല്ല, സരിൻ ഭക്ഷണം കഴിക്കവേ, ഈ പാത്രത്തിൽ നിന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജും പ്രസിഡന്റ് വി വസീഫും ഉൾപ്പടയുള്ളവർ ഭക്ഷണം എടുത്ത് കഴിക്കുന്നുണ്ട്.

'ഡോ. സരിൻ മറ്റൊരു സംസ്ക്കാരവും ഐക്യവും ആസ്വദിക്കുകയാണ്... കൂടെ നിന്ന് പാലം വലിക്കില്ല എന്നും ചങ്ക് പറിച്ച് തരുമെന്നും മനസിലാക്കുകയാണ്'. ഇതാണ് നേതാക്കൾ ഒന്നിച്ചുള്ള വിഡിയോയ്ക്ക് ചെങ്കൊടിയുടെ കാവൽക്കാർ ഇട്ടിരിക്കുന്ന ക്യാപ്ഷൻ. നേതാക്കൾ എല്ലാം മറന്ന് സെറ്റായെങ്കിലും, അണികളിൽ പലരും ഇതുമായി സെറ്റാവാൻ സമയമെടുക്കും എന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റിന് താഴെ വന്ന കമന്റുകൾ.

'ഇതിനേക്കാള്‍ വലിയവനായിരുന്നു സഖാവ് പിവി അന്‍വര്‍, പക്ഷേ അന്‍വര്‍ കളളം പറയില്ലായിരുന്നു, സരിൻ നാക്കെടുത്താല്‍ കളളം മാത്രമേ പറയു...കുറച്ചു കഴിയട്ടെ എല്ലാ സഖാക്കന്‍മാര്‍ക്കും കാര്യം മനസ്സിലായിക്കോളും'- ഷമീറിന്റെ കമന്റ് ഇങ്ങനെയാണ്. 'നമ്മളെയും, പിണറായി സഖാവിനേയും തെറി വിളിച്ച സരിന് സഖാക്കളെ കണ്ടപ്പോൾ അൽപമെങ്കിലും ഉളുപ്പുണ്ടായിരുന്നോ എന്നാണ് ബഷീറിന്റെ ചോദ്യം.

'ലക്ഷ്യം അധികാരമാണ്, സരിനെ പിന്തുണക്കുന്നവർ ഒന്നോർക്കണം. പാർട്ടിക്ക് വേണ്ടി ഉറക്കമൊഴിഞ്ഞ് പ്രവർത്തിക്കുന്ന അനേകം പേരുണ്ടായിരുന്നു.. ആ ചിന്ത നേതാക്കന്മാർക്കില്ലാതെ പോയെന്ന്' ഓർമ്മപ്പെടുത്തുന്നു ചന്ദ്രൻ മാവിള എന്ന പ്രൊഫൈൽ. സഖാകളുടെ ഓരോ ഗതികേട്, വസീഫേ നിന്റെ തൊലിക്കൊട്ടി അപാരം, ഇന്നലെ വരെ തെറി, ഇന്ന് തൊട്ട് സിന്ദാബാദ്‌ തുടങ്ങി ട്രോൾ കമന്റുകളുടെ ചാകരയാണ് ഈ വിഡിയോയ്ക്ക് കീഴിൽ വരുന്നത്.

ഇന്നലെവരെ രൂക്ഷമായ പദപ്രയോ​ഗങ്ങളോടെ പരസ്പരം പോരടിച്ചിരുന്ന നേതാക്കൾ ഇന്ന് ഒറ്റക്കെട്ടായി നിൽക്കുന്ന ദൃശ്യങ്ങളായതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇവ വൈറലാകുന്നത്. രാഷ്ട്രീയത്തിൽ സ്ഥിരമായ മിത്രമോ ശത്രുവോ ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് നമ്മുടെ യുവ നേതാക്കൾ.

ENGLISH SUMMARY:

Troll comments on p Sarin viral video