• എ.ഡി.എം നവീന്‍ ബാബു അവസാനമായി സന്ദേശം അയച്ചത് ജൂനിയര്‍ സൂപ്രണ്ടിന്
  • ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി
  • മറ്റൊന്നും നവീന്‍ ബാബു സംസാരിച്ചില്ലെന്ന് പ്രേംരാജ്, സ്ക്രീന്‍ഷോട്ട് പൊലീസ് ശേഖരിച്ചു

എഡിഎം നവീന്‍ ബാബു അവസാനമായി സന്ദേശം അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന്. പുലര്‍ച്ചെ 4.58ന് വാട്സാപ്പില്‍ അയച്ചത് ഭാര്യയുടെയും സഹോദരന്‍റെയും നമ്പറുകളാണ്. സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് ശേഖരിച്ച പൊലീസ് പ്രേംരാജിന്റെ മൊഴി രേഖപ്പെടുത്തി. മറ്റൊന്നും നവീന്‍ ബാബു സംസാരിച്ചില്ലെന്ന് പ്രേംരാജ് അറിയിച്ചു. 

അതേസമയം, എ.ഡി.എമ്മിന്‍റെ  ആത്മഹത്യക്കേസില്‍ പ്രതി ചേർക്കപ്പെട്ട പി.പി.ദിവ്യയെ ഉടൻ ചോദ്യം ചെയ്യേണ്ട എന്ന നിലപാടിലുറച്ച്  പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ ദിവ്യയെ വിളിച്ചുവരുത്തില്ല.  ഇതിനിടെ, സ്വർണ്ണം പണയം വെച്ചാണ് താൻ എ.ഡി.എമ്മിന് കൈക്കൂലി നൽകിയതെന്ന് പ്രശാന്തൻ പൊലീസിന് മൊഴി നൽകി.   Also Read : പിപി ദിവ്യയെ ആർക്കാണ് പേടി? കേസ് എങ്ങോട്ട്?...

ഇന്നലെയാണ് പ്രശാന്തൻ കണ്ണൂർ ടൗൺ പൊലീസിൽ മൊഴി നൽകിയത്. ആറാം തീയതി നവീൻ ബാബുവിന്‍റെ ക്വാര്‍ട്ടേഴ്സില്‍ എത്തിപണം കൈമാറിയെന്നാണ് പ്രശാന്തന്‍റെ മൊഴി. എഡിഎമ്മുമായി പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇതിന് കോൾ രേഖകൾ ഉണ്ടെന്നും പ്രശാന്തൻ പൊലീസിനോട് പറഞ്ഞു . ഫോൺ വിളിച്ചതിന്‍റെ തെളിവുകളും ഹാജരാക്കി. സ്വർണ്ണം പണയം വെച്ചതിന്‍റെ രേഖകളും  നൽകിയിട്ടുണ്ട്. പ്രശാന്തനെതിരായ വിജിലൻസ് അന്വേഷണവും തുടരുകയാണ്. മുഖ്യമന്ത്രിക്കു നൽകിയെന്ന് അവകാശപ്പെട്ട പരാതിയിലെ പൊരുത്തക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ലഭിച്ച പരാതിയിലാണ് വിജിലൻസ് അന്വേഷണം. 

വിശദമായ മൊഴി ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ വിജിലൻസ് കോഴിക്കോട് യൂണിറ്റ് രേഖപ്പെടുത്തും. അതിനിടെ കേസിലെ ഏകപ്രതി പി പി ദിവ്യയെ ഇപ്പോൾ തൊടേണ്ട എന്ന നിലപാടിലാണ് പൊലീസ് . ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അറസ്റ്റ് ചെയ്യാതെ വിടാൻ ആവില്ല . മുൻകൂർ ജാമ്യ അപേക്ഷ കോടതിയിൽ ഇരിക്കെ അറസ്റ്റ് വേണ്ട എന്നാണ് പൊലീസിൽ തീരുമാനം.  കോടതി എന്ത് തീരുമാനമെടുത്താലും അതിനനുസരിച്ച് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. മറ്റന്നാളാണ് മുൻകൂർ ജാമ്യ അപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുക.

ENGLISH SUMMARY:

ADM Naveen Babu sent the last message to Junior Superintendent Premraj