• ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്‍റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി
  • മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും
  • സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന സിദ്ദിഖിന്‍റെ ആവശ്യം അംഗീകരിച്ചു

ബലാല്‍സംഗക്കേസില്‍ നടന്‍‌ സിദ്ദിഖിന്‍റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍‌ സമയം വേണമെന്ന സിദ്ദിഖിന്‍റെ ആവശ്യമനുസരിച്ച് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി. സമയം നല്‍കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍, സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെളിവുനശിപ്പിക്കുയാണെന്നും വാദിച്ചു.  പരാതിനല്‍കാന്‍ എന്തുകൊണ്ട് എട്ടുവര്‍ഷത്തെ കാലതാമസമുണ്ടായെന്ന് സുപ്രീം കോടതി വീണ്ടും ചോദിച്ചു. 

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും തീര്‍പ്പുണ്ടായില്ല, ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിനുശേഷം സംഭവിച്ചതിനെക്കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍  സിദ്ദിഖിന്  കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ  ഇടക്കാലമുന്‍കൂര്‍ ജാമ്യം തുടരും.  ഇക്കാലയളവില്‍ സിദ്ദിഖിനെ അറസ്റ്റുചെയ്താലും ജാമ്യത്തില്‍ വിടണം. കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയ സിദ്ദിഖിന് വീണ്ടും സമയമനുവദിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.  സിദ്ദിഖ് തെളിവുനശിപ്പിക്കുന്നു, അന്വേഷണവുമായി സഹകരിക്കുന്നില്ല, ജാമ്യം നല്‍കിയാല്‍ സ്ത്രീകളുടെ മനോവീര്യം നഷ്ടമാകുമെന്നും സര്‍ക്കാരിനായി മുതിര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചു.   

പരാതി നല്‍കാന്‍ എന്തുകൊണ്ട് എട്ടുമാസത്തെ കാലതാമസമുണ്ടായെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി ആവര്‍ത്തിച്ചു ചോദിച്ചു.    എട്ടുവര്‍ഷത്തേത് നിശബ്ദയല്ലെന്നും സൂപ്പര്‍ സ്റ്റാറിനെതിരെ നീങ്ങാന്‍ പ്രയാസമായിരുന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷകയുടെ മറുപടി.  പലതവണ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നുവെന്നും വാദം.  ഹേമ കമ്മറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അതിജീവിത ധൈര്യം സംഭരിച്ചുമുന്നോട്ടുവന്നതെന്ന് സര്‍ക്കാര്‍. 

അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരായിട്ടുണ്ടെന്നും സിദ്ദിഖിന്‍റെ അഭിഭാഷകന്‍ വിശദീകരിച്ചു. സിദ്ദിഖിന്‍റെ മകന്‍ ഷഹീനും ഇന്ന് കോടതിയിലെത്തിയിരുന്നു. അടുത്ത ആഴ്ച ദീപാവലി അവധിയായതിനാല്‍ മൂന്നാഴ്ചയ്ക്കുശേഷമാകും കേസ് വീണ്ടും പരിഗണിക്കുക.  

ENGLISH SUMMARY:

Supreme Court extends interim bail of actor Siddique in rape case