സംസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. കൊല്ലം പത്തനംതിട്ട ജില്ലകളില്‍ വ്യാപകമായി മഴ പെയ്തു. സംസ്ഥാനമൊട്ടാകെ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്.  കൊച്ചിയില്‍ കനത്തമഴയില്‍ കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. രാത്രി എട്ടരയോടെയാണ് പത്ത് മീറ്റര്‍ നീളമുള്ള മതിലിടിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. 

ഇടുക്കി വണ്ണപ്പുറത്തിന് അടുത്ത് ചീങ്കൽ സിറ്റിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. വണ്ണപ്പുറം സ്വദേശി ഓമനയാണ് മരിച്ചത്. ഓമനയും ഭർത്താവ് ദിവാകരനും തോട് മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ദിവാകരനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഓമനയുടെ മൃതദേഹം പിന്നീട് തോട്ടിൽ നിന്ന് കണ്ടെത്തി. ശക്തമായ മഴയിൽ മേഖലയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായെന്നാണ് സംശയം. ഓമനയുടെ മൃതദേഹം തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചയ്ക്കുശേഷം പെയ്ത കനത്തമഴ കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. ആര്യങ്കാവ്, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. രണ്ടുമണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി. ഇടപ്പാളയം അരുണോദയം കോളനിയിൽ തോട് കരകവിത്തൊഴുകി.  എംസി റോഡിൽ വാളകം മുതൽ ചടയമംഗലം വരെയുള്ള ഭാഗത്ത് പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. 

ENGLISH SUMMARY:

Heavy rain and thundershowers in the state