orthadox-church

പള്ളിത്തര്‍ക്കത്തില്‍ സാവകാശം തേടി സുപ്രീം കോടതിയെ സമീപിച്ചതോടെ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാത്യുസ് മാര്‍ തിമോത്തിയോസ് മെത്രപ്പോലീത്തയാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സഭ നീതി നടപ്പാക്കണം എന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അത് ആർക്കും എതിരല്ല, ആരെയും പുറത്താക്കാൻ സഭ ആവശ്യപ്പെടുന്നുമില്ല. എന്നാൽ നീതി  ആരുടെയും ഔദാര്യമല്ല സഭയുടെ അവകാശമാണെന്നും ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. 'അടിക്കരുത്'അമ്മാവാ ഞാൻ നന്നാകില്ല' എന്നു പറയുന്നതുപോലെ  എത്ര വിധിയും, കോടതി അലക്ഷ്യ  നടപടികളും ബഹുമാനപ്പെട്ട കോടതിയിൽ നിന്നും ഉണ്ടായിട്ടും സര്‍ക്കാര്‍ പഠിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികള്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. കലക്ടര്‍മാര്‍ പള്ളികള്‍ ഏറ്റെടുത്ത് സീല്‍ ചെയ്യണമെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍. ഹൈക്കോടതി ഉത്തരവ് തല്‍ക്കാലം സ്റ്റേ ചെയ്യണമെന്നും ഏറ്റെടുക്കല്‍ നടപ്പാക്കാന്‍ സാവകാശം വേണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മലങ്കര സഭ വിഷയത്തിൽ  സർക്കാരിന്റെ ഏകപക്ഷീയമായ നിലപാടും നാടകവും വ്യക്തമാക്കുന്ന വിധികളാണ് അടിക്കടി വന്നുകൊണ്ടിരിക്കുന്നത്. അടിക്കരുത്'അമ്മാവാ ഞാൻ നന്നാകില്ല ' എന്നു പറയുന്നതുപോലെ  എത്ര വിധിയും, കോടതി അലക്ഷ്യ  നടപടികളും ബഹുമാനപ്പെട്ട കോടതിയിൽ നിന്നും ഉണ്ടായിട്ടും അതിനെല്ലാം മറികടക്കുവാൻ ബഹുമാനപ്പെട്ട സുപ്രീംകോടതി തന്നെ നിലവിൽ ഇല്ല എന്ന് പ്രഖ്യാപിച്ച നിരോധിക്കപ്പെട്ട ഒരു വിഭാഗത്തോട് ചേർന്ന് അസ്തിത്വ ഉണ്ടാക്കുവാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ  മടിയിൽ നല്ല കനം ഉണ്ടായിട്ടാണ് എന്ന് സംശയിക്കാതിരിക്കാൻ നിവൃത്തിയില്ല.  യാക്കോബായ സഭ എന്ന ഒന്നില്ല.. നിലവിൽ മലങ്കര  ഓർത്തഡോക്സ് സുറിയാനി സഭ എന്നു മാത്രമേ ഉള്ളൂ. വാർത്താമാധ്യമങ്ങൾ പോലും തെറ്റിദ്ധാരണ ഉണ്ടാക്കാൻ തരത്തിൽ  യാക്കോബായ ഓർത്തഡോക്സ് തർക്കം എന്നു പറയുന്നത് കാര്യത്തെപ്പറ്റി യാതൊരു ബോധവും ഇല്ലാത്തതുകൊണ്ടാണ് എന്ന് തുറന്നു പറയട്ടെ.  സർക്കാരിന്റെ പോലീസ് നാടകവും, ഒത്തുകളിയും മനസ്സിലാക്കിയ ബഹുമാനപ്പെട്ട കോടതി  കോടതി അലക്ഷ്യ കേസ് എടുക്കുവാൻ വീണ്ടും വിധി പറയുമ്പോൾ  അവിടെ പ്രതിക്കൂട്ടിൽ നിൽക്കുന്നത് സർക്കാരും പോലീസും, ജില്ലാ ഭരണാധികാരികളും അല്ലേ. ക്രമസമാധാന പ്രശ്നം ഇല്ലാതെ നോക്കേണ്ടതും, നിയമലംഘനം തടയേണ്ടതും, നീതി നടപ്പാക്കേണ്ടതും  സർക്കാരിന്റെ ഉത്തരവാദിത്തമല്ലേ?

' ചിലരുടെ' തൽപ്പര കക്ഷികളോ,  ചിലർക്കു വേണ്ടി മാത്രം  നയിക്കപ്പെടുന്ന സർക്കാരോ ആണോ കേരളം ഭരിക്കുന്നത്? അവരുടെ മാത്രം  സംരക്ഷകരാണോ സർക്കാർ? കളക്ടറും പോലീസ്‌ അധികാരികളുമല്ലേ കോടതി വിധികൾ നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ?  അവരെ ഒഴിവാക്കണം എന്ന് പറഞ്ഞാൽ ജുഡീഷ്യറിയുടെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ആരാണ് ഉത്തരവാദി? ആരാണ് അവ നടപ്പാക്കുക ? കോടതി വിധി വരുന്ന സമയത്ത് മുൻകൂട്ടി മറുഭാഗത്തെ അറിയിച്ച് നടത്തുന്ന നാടകം തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ? ഇനിയും ഇത്തരം നാടകങ്ങൾക്ക് സമയം വേണമെന്ന് പറഞ്ഞാൽ 1995 മുതൽ ഇവിടെ വിധികൾ വന്നിട്ടുണ്ട്. വീണ്ടും 2017 മുതൽ 2024 വരെ കിട്ടിയ സമയം മതിയായില്ല എന്നാണോ? സർക്കാരിന്റെ ഇത്തരം നീതിരഹിത നടപടികൾക്ക് കൂട്ടുനിൽക്കുകയും കോടതിവിധിയെ ചോദ്യം  ചെയ്യുന്ന  സർക്കാർ നയത്തോട് ചേർന്ന്  ചീഫ് സെക്രട്ടറിയും, ജില്ലാ കളക്ടറും  പ്രവർത്തിച്ചാൽ കോടതി  നടപടി നേരിടേണ്ടി തന്നെ വരും . മലങ്കര സഭ നീതി നടപ്പാക്കണം എന്ന് മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. അത് ആർക്കും എതിരല്ല, ആരെയും പുറത്താക്കാൻ സഭ ആവശ്യപ്പെടുന്നുമില്ല. എന്നാൽ നീതി   ആരുടെയും ഔദാര്യമല്ല ഈ സഭയുടെ അവകാശമാണ്. അത് നേടിയെടുക്കുവാൻ  ഇടയ്ക്ക് ആളു പൊതിയുമായി കാണാൻ വരണമെന്ന് പറഞ്ഞാൽ അത് ഇവിടെ നടപ്പില്ല. അങ്ങനെ ഒരു ഒത്തുതീർപ്പ് സമാധാനം സഭയ്ക്ക് ആവശ്യവുമില്ല. കോടതി വിധികളെ ഏകപക്ഷീയമായി  അസ്ഥിരപ്പെടുത്താൻ  ശ്രമിക്കുകയും, ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും കോടതിയുടെയും പൊതുസമൂഹത്തിന്റെയും  സമയവും ഊർജ്ജവും സമ്പത്തും നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സർക്കാരിന്റെ നയത്തോടുള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നു.