പാലക്കാട് കല്ലടിക്കോടിന് സമീപം ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ച അപകടത്തിന് കാരണം കാറിന്‍റെ അമിത വേഗതയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കാറിൽ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നും എന്നാല്‍ കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും കല്ലടിക്കോട് ഇൻസ്പെക്ടർ എം.ഷഹീർ പറഞ്ഞു. അതേ സമയം യാത്രക്കാരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ചാണെന്നും ഡ്രൈവര്‍ ഒഴികെ നാലുപേര്‍ക്കും ജീവനുണ്ടായിരുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. Also Read: ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറി കാര്‍
കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ വിജീഷ് വിഷ്ണു, രമേഷ് , മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. കല്ലടിക്കോട് അയ്യപ്പൻ കാവിന് സമീപം ഇന്നലെ രാത്രി 10.50 ഓടെയായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറിൽ എതിർദിശയിൽ നിന്നും വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.
നാലുപേർ അപകട സ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാ വഴിയിലുമാണ് മരിച്ചത്. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. അഞ്ചുപേരുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. അപകടത്തിന് പിന്നാലെ കടന്നുകളഞ്ഞ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വിഘ്നേഷിനെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.