(File Photo) Prime Minister Narendra Modi tweets this picture on his X account condoling the demise of former Prime Minister Manmohan Singh who passed away at the age of 92, on Thursday. (ANI Photo)

മുന്‍‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മടങ്ങുമ്പോള്‍ വിട വാങ്ങുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യ മുഖം കൂടിയാണ്. മന്‍മോഹന്‍റെ വിയോഗത്തില്‍ പ്രധാനമന്ത്രിയും പ്രമുഖ നേതാക്കളും അനുശോചിച്ചു. ഇന്ത്യയുടെ സാമ്പത്തികനയത്തില്‍ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മന്‍മോഹന്‍ സിങെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘അദ്ദേഹം പ്രധാനമന്ത്രിയും ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയാരുന്നപ്പോള്‍ മന്‍മോഹന്‍ ജിയും ഞാനും പതിവായി ഇടപഴകിയിരുന്നു. വിവിധ വിഷയങ്ങളിൽ ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജ്ഞാനവും വിനയവും എല്ലാ സംഭാഷണങ്ങളിലും പ്രകടമായിരുന്നു. ഈ ദുഖകരമായ വേളയില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും വേദനയില്‍ പങ്കുചേരുന്നു’ പ്രധാനമന്ത്രി കുറിച്ചു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രയത്നിച്ച വ്യക്തിയെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

മന്‍മോഹന്‍സിങ്ങിന്‍റെ ജീവിതം എന്നും പ്രചോദനമെന്ന് പ്രിയങ്ക ഗാന്ധി അനുശോചിച്ചു. അദ്ദേഹത്തിന്‍റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ. ദീര്‍ഘദര്‍ശിയായ നേതാവിനെ നഷ്ടമായെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ട് നയിച്ച നേതാവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. രാജ്യഭരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയെന്ന് കേന്ദ്രമന്ത്രി അമിത് ഷായും അനുശോചിച്ചു.

ഡൽഹി എയിംസില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മന്‍മോഹന്‍ സിങിന്‍റെ അന്ത്യം. ഇന്ന് വൈകുന്നേരമാണ് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായ് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയുടെ ഉദാരവൽക്കരണത്തിന്റെ ഉപജ്‌ഞാതാവായി വിശേഷിപ്പിക്കാവുന്ന സാമ്പത്തിക വിദഗ്ധനാണ് മന്‍മോഹന്‍ സിങ്. പുത്തൻ സമ്പത്തികനയത്തിന്റ ശില്പി എന്നറിയപ്പെടുന്ന ധനകാര്യമന്ത്രി. റിസർവ് ബാങ്ക് ഗവർണർ (1982 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ (1985 87), ധനമന്ത്രി (1991 96), രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് (1998– 2004) , യുജിസി അധ്യക്ഷൻ തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചു. സാമ്പത്തിക നയങ്ങൾക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് െഎഡ‍റ്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ രൂപികരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് മന്‍മോഹന്‍ സിങ്.

ENGLISH SUMMARY:

India mourns the loss of former Prime Minister Manmohan Singh, a gentle statesman and economic visionary. PM Narendra Modi recalls his humility and dedication.