എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനോടുള്ള അതൃപ്തി തുടര്‍ന്ന് റവന്യൂമന്ത്രി. കലക്ടര്‍ക്കൊപ്പം വേദി പങ്കിടേണ്ട പരിപാടികള്‍ മാറ്റി.  കണ്ണൂരില്‍ നാളെ നടക്കേണ്ട പട്ടയമേളകള്‍ ഉള്‍പ്പെടെ മൂന്ന് പരിപാടികളാണ് മാറ്റിയത്. കലക്ടറുടെ നിർദേശപ്രകാരമാണ് യോഗത്തിനെത്തിയതെന്നാണ് തലശേരി കോടതിയിൽ സമർപിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ വ്യക്തമാക്കിയിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങിൽ ദിവ്യ ആക്ഷേപിച്ചതിനെ പിന്നാലെയാണ് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തത്. ദിവ്യ ഒളിവിലാണ്.

അതിനിടെ നവീന്‍ ബാബുവിന്‍റെ മരണത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്‍ ബാബുവിന്‍റെ അകാല വിയോഗം അതീവ ദുഖ:കരമാണെന്നും, ഒരുദ്യോഗസ്ഥനും ഇതുപോലൊരു ദുരന്തം ഇനിയുണ്ടാകില്ലെന്ന് ഉറപ്പിക്കുന്ന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുതാര്യമായും സത്യസന്ധമായും കടമ നിര്‍വ്വഹിക്കുന്ന ഒരുദ്യോഗസ്ഥന്‍റെയും ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും പി.പി ദിവ്യയെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

നവീന്‍ ബാബുവിന്‍റേത് കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊല നടത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമെന്ന് സംശയിക്കുന്നു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നുവെന്നും സുരേന്ദ്രന്‍ പാലക്കാട്ട് പറഞ്ഞു.

ENGLISH SUMMARY:

Revenue Minister dissatisfaction with Kannur Collector Arun K. Vijayan