എ.ഡി.എമ്മിന്റെ ആത്മഹത്യയില്‍ പി.പി.ദിവ്യയുടെ ന്യായവാദങ്ങളെ പൂര്‍ണമായും തള്ളി പ്രോസിക്യൂഷന്‍. അഴിമതി ആരോപണം ദിവ്യ കലക്ടറോട് ചൂണ്ടിക്കാട്ടിയതായും എന്നാല്‍ അത് പറയാനുള്ള സാഹചര്യം ഇതല്ലെന്ന് കലക്ടര്‍ മറുപടി നല്‍കിയതായും വാദത്തിനിടെ പ്രോസിക്യൂഷന്‍. പി.പി.ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി. ദിവ്യ എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. പരിപാടിയിലേക്ക് ഒരു മാധ്യമത്തെ ഫോണില്‍ വിളിച്ച് പങ്കെടുക്കണമെന്ന് ദിവ്യ പറഞ്ഞുവെന്നും വാദമുഖം. രണ്ടു ദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് ഭീഷണിസ്വരം തന്നെയും പ്രോസിക്യൂഷന്‍. വാദത്തിനിടെ പല തവണ ഇടപെട്ട പ്രതിഭാഗത്തിന്റെ നീക്കം ജഡ്ജി തടഞ്ഞു. പരാതികളുടെ വസ്തുത അറിയില്ലന്ന് ദിവ്യ വാദിച്ചത് നിലപാടിലെ മലക്കംമറിച്ചിലായി.
Read Also: ദിവ്യ വ്യക്തിഹത്യ നടത്തി; എത്തിയത് കൃത്യമായ ആസൂത്രണത്തോടെ: പ്രോസിക്യൂഷന്‍
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പി.പി. ദിവ്യ വാദിച്ചു. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തനരംഗത്തുണ്ട്. ഇതുവരെ ഏഴ് അവാര്‍ഡുകള്‍ ലഭിച്ചു. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് താന്‍. സര്‍ക്കാര്‍ ജീവനക്കാരെല്ലാം അഴിമതിക്കാരെന്ന അഭിപ്രായമില്ല.
പോസിറ്റീവ് ചിന്താഗതി പുലര്‍ത്തുന്ന വ്യക്തിയാണ് താന്‍. പോസിറ്റീവ് ചിന്താഗതിയോടെയാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് ഉത്തരവാദിത്തമാണ്. കുറച്ച് പരാതികള്‍ വന്നിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വിമര്‍ശിച്ചത്. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും വേറെ അജണ്ടകളാണ്. മാധ്യമങ്ങൾ അവിടെ വേണം. പൊതു സമൂഹത്തിനു അങ്ങനെ എങ്കിലും ഒരു അവബോധം ഉണ്ടാകട്ടെ എന്ന് കരുതി.
എഡിഎമ്മിനെതിരെ വന്നത് രണ്ടു പരാതികളായിരുന്നു. പരാതി കിട്ടിയാല്‍ മിണ്ടാതെ ഇരിക്കണോ?'. ഭൂമിപ്രശ്നത്തില്‍ ഗംഗാധരന്‍ എഡിഎമ്മിനെതിരെ പരാതി നല്‍കി. പ്രശാന്തന്‍ ഉന്നയിച്ചത് ഒരുലക്ഷം രൂപയുടെ കൈക്കൂലി ആരോപണമാണ്. അഴിമതി നടത്തിയാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നാണ് ഉദ്ദേശിച്ചത്. ജില്ലാ കലക്ടർ അറിയിച്ചത് അനുസരിച്ചത് ആണ് പരിപാടിക്ക് വന്നത്. ഓദ്യോഗികമായി അറിയിച്ചിട്ടില്ല. പരിപാടി നടക്കുമ്പോൾ കലക്ടറെ ഫോണിൽ വിളിച്ചു. പരിപാടി പുരോഗമിക്കുന്നു എന്ന് കലക്ടര്‍ പറഞ്ഞു. താൻ വരുന്നു എന്ന് അറിയിച്ചു. ഒ.കെ എന്ന മറുപടിയും കിട്ടി. പരാമർശം ആത്മഹത്യയിലേക്ക് നയിക്കാൻ വേണ്ടി ചെയ്തത് അല്ലെന്നും ദിവ്യ കോടതിയില്‍ വാദിച്ചു.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ദിവ്യയുടെ വാദം.