സംസ്ഥാനത്ത് ഇന്ന് മധ്യ, തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ ലഭിക്കും. 14 ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പും നിലവിലുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ ഇടവിട്ട് കനത്തമഴയും ഇടിമിന്നലും. വിതുര–ബോണക്കാട് റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് മണ്ണുമാറ്റി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കും. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ രാത്രിയോടെ വിതുര–പൊന്നാംചുണ്ട് പാലത്തില്‍ വെളളം കയറി. തകര്‍ന്നു കിടക്കുന്ന കഴക്കൂട്ടം–തുമ്പ റോഡില്‍ വെളളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ വിഴിഞ്ഞം തീരത്ത് കൂമ്പാര മേഖങ്ങള്‍ കടലിന് മുകളില്‍ രൂപമെടുക്കുമ്പോള്‍ ഉണ്ടാകുന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം ദൃശ്യമായി. ഒാഖിക്ക് മുമ്പ് ഇതേ പ്രതിഭാസം ഉണ്ടായതിനാല്‍ തീരവാസികള്‍ ആശങ്കയിലാണ്.
കൊച്ചിയില്‍ കനത്തമഴയില്‍ കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു . രാത്രി എട്ടരയോടെയാണ് പത്ത് മീറ്റര്‍ നീളമുള്ള മതിലിടിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.