പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്സ് സഭ ബിഷപ് യുഹാന്നോന്‍ മാര്‍ മിലിത്തിയോസ്. അവിടെ മെത്രാന്‍മാരെ വന്ദിക്കുകയും ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുകയുമാണെന്നും തൃശൂര്‍ ഭദ്രാസന മെത്രോപ്പൊലീത്തയായ മാര്‍ മിലിത്തിയോസ് പറഞ്ഞു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.
ഡല്‍ഹിയില്‍ സിബിസിഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നത്. മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ അഭിനന്ദിച്ച അദ്ദേഹം ഭാരതപുത്രന്‍ കര്‍ദിനാള്‍ ആയതില്‍ അഭിമാനമെന്നും പറഞ്ഞിരുന്നു. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്‍റെ സന്ദേശമെന്നും അതിനെ ശക്തിപ്പെടുത്തണമെന്നും പറഞ്ഞ പ്രധാനമന്ത്രി ജർമ്മനിയിലെ ക്രിസ്മസ് മാർക്കറ്റ് ആക്രമണവും ശ്രീലങ്കയിലെ പള്ളിയാക്രമണത്തിലും തനിക്ക് വേദനയുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
ദേശ താൽപര്യത്തിനൊപ്പം മാനുഷികതയ്ക്കും ഇന്ത്യ മുൻഗണന നൽകുന്നു എന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ചു പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി ക്രിസ്മസ് സന്ദേശത്തിൽ വ്യക്തമാക്കി. കർദിനാൾമാരും ബിഷപ്പുമാരും പുരോഹിതന്മാരും കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കം മൂന്നൂറോളം പേരാണ് വിരുന്നില്‍ പങ്കെടുത്തത്.