സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി ഡോ.സിസ തോമസ് സിന്‍ഡിക്കേറ്റ് യോഗത്തിന്‍റെ മിനിറ്റ്സ് എടുത്തുകൊണ്ടുപോയെന്ന് പരാതി നല്‍കുന്നതില്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുക്കും. പൊലീസിന് പരാതി നല്‍കട്ടെ എന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിസ തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.
കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാവും ഒരു സര്‍വകലാശാല, മുന്‍വിസി മിനിറ്റ്സ് പുസ്തകം എടുത്തുകൊണ്ടുപോയി എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുന്നത്. എടുത്തുകൊണ്ടുപോയി എന്നാണ് പറയുന്നതെങ്കിലും മോഷണകുറ്റം ആരോപിക്കാനാണ് സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റിന്‍റെ നീക്കം എന്നു വ്യക്തം. സര്‍ക്കാരിന്‍റെ താല്‍പര്യത്തിന് വിരുദ്ധമായി ഗവര്‍ണരുടെ നോമിനിയായി സാങ്കേതിക സര്‍വകലാശാലയില്‍ ഡോ.സിസ തോമസ് താല്‍ക്കാലിക വിസിയായി ചുമതലയേറ്റപ്പോള്‍തുടങ്ങിയ പോരാണ് ഇപ്പോള്‍നിലവിട്ടുപോകുന്നത്. 41ാം സിന്‍ഡിക്കേറ്റ് യോഗത്തിന്‍റെ മിനിറ്റ്സ് വിസി എടുത്തു കൊണ്ടുപോയി, സര്‍വകലാശാലയില്‍ അതില്ല എന്നതാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പരാതി. മിനിറ്റ്സിന്‍റെ ഇ ഫയലാണ് തനിക്ക് ലഭിച്ചതെന്നും അതില്‍ വിയോജിപ്പുണ്ടായിരുന്നതിനാല്‍ ഒപ്പിട്ടില്ലെന്നും മുന്‍വിസി പറയുന്നു. മിനിറ്റ്സിന്‍റെ പ്രിന്‍റ് ഒൗട്ട് അവര്‍ കവറിംങ് ലറ്ററിനൊപ്പം ഗവര്‍ണര്‍ക്ക് കൈമാറി. ഇത് എങ്ങിനെരേഖകളുടെ അപഹരണമാകും എന്നാണ് ഡോ. സിസ തോമസ് ചോദിക്കുന്നത്. സിന്‍ഡിക്കേറ്റിന്‍റെ കണ്‍വീനര്‍ റജിസ്ട്രാറാണ്. അദ്ദേഹംതയാറാക്കിയ കരട് മിനിറ്റ്സ് വിസി ഒപ്പിടാത്തിടത്തോളം ഒൗദ്യോഗിക രേഖയുമല്ല. പരാതി നല്‍കട്ടെ എന്നും അപ്പോള്‍പൊലീസിനോട് കാര്യങ്ങള്‍ പറയുമെന്നാണ് ഡോ.സിസ തോമസിന്‍റെ നിലപാട്. സര്‍വീസില്‍ നിന്ന് വിരമിച്ചിട്ട് 19 മാസമായിട്ടും ഡോ.സിസ തോമസിന് പെന്‍ഷനും അനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുമില്ല. കണ്ണൂര്‍ എഡിഎം നവീന്‍ബാബു നേരിട്ട അപമാനത്തിന് സമാനമായ നിലയിലേക്ക് വളരുകയാണ് സാങ്കേതിക സര്‍വകലാശാലയിലെ മോഷണ ആരോപണം.